
 അമിതവേഗവും നിയമലംഘനവും സ്ഥിരം കാഴ്ച
കോട്ടയം : കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞ് വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയതോടെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. അഞ്ചുദിവസങ്ങളിലായി ജില്ലയിലെ റോഡുകളിൽ 9 അപകടങ്ങളാണ് നടന്നത്. പൊലിഞ്ഞത് നാല് ജീവനുകൾ. വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. രാത്രികാലത്ത് ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായതും, വഴിവിളക്കുകൾ കത്താത്തതും, അമിതവേഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണമായത്. റോഡിലെ കുഴിയും ചിലയിടത്ത് വില്ലനായി. നിലവാരം ഇല്ലാത്ത ടാറിംഗാണ് മറ്റൊരു കാരണം. നാഗമ്പടത്ത് കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരൻ വീഴാൻ കാരണം റീ-ടാറിംഗിലെ അപാകത മൂലമാണ്. പലയിടത്തും കട്ടിംഗ് ബൈക്ക് യാത്രക്കാർക്ക് കെണിയൊരുക്കുകയാണ്.
 ഭൂരിഭാഗവും ബെെക്ക് യാത്രക്കാർ
റോഡപകടങ്ങളിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ബൈക്ക് യാത്രക്കാരാണ്. ഏറെയും യുവാക്കൾ. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം മൊബൈൽ ഉപയോഗവും പ്രശ്നമാകുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെൽമറ്റില്ലാതെ യാത്രചെയ്യുന്നതും അപകടങ്ങളുടെ എണ്ണംകൂട്ടി. രാത്രികാലങ്ങളിൽ കാര്യമായ പരിശോധനകൾ ഇല്ലാത്തതും അപകടങ്ങൾ പെരുകാൻ ഇടയാക്കി. പകൽസമയങ്ങളിൽ പോലും വില കൂടിയ ബൈക്കുകളിൽ കുതിച്ച് പായുന്ന ന്യൂജെൻ സംഘത്തെ ഭീതിയോടെയാണ് യാത്രക്കാർ നോക്കുന്നത്. കഴിഞ്ഞവർഷം ചങ്ങനാശേരി ബൈപാസിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് കാറുമായി കൂട്ടിയിടിച്ച് മൂന്നു ചെറുപ്പക്കാർ മരണമടഞ്ഞിരുന്നു. തുടർന്ന് പരിശോധനകൾ വ്യാപകമാക്കിയെങ്കിലും പിന്നീട് നിലച്ചു.
ചോരത്തിളപ്പിൽ സ്വകാര്യബസ് ഡ്രൈവർമാർ
സ്വകാര്യബസുകളിലെ ഡ്രൈവിംഗ് സീറ്റിൽ ചോരത്തിളപ്പ് തീർക്കുന്ന ഡ്രൈവർമാരും നിരത്തുകളെ ഭീതിയിലാക്കുകയാണ്. കഴിഞ്ഞ ദിവസം കാണക്കാരിയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 80 ശതമാനം ബസുകളിലും ഡ്രൈവർമാർ യുവാക്കളാണ്. കൊവിഡ് കാലമായതിനാൽ യാത്രക്കാർ കുറവായതിനാൽ ഉള്ളവരെ കയറ്റാൻ വേണ്ടി മത്സരയോട്ടത്തിലാണ് ബസുകൾ. ഇതിന്റെ പേരിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷവും വാക്കേറ്റവും പതിവാണ്.
വരുംദിവസങ്ങളിൽ റോഡുകളിൽ പരിശോധന കർശനമാക്കും. അമിതവേഗത്തിന് കടിഞ്ഞാണിടാൻ ശക്തമായ നടപടികൾ സ്വീകരിക്കും.
ആർ.ടി.ഒ ഓഫീസ് അധികൃതർ