
മൂർഖന്റെ കടിയേറ്റ് വാവ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുമ്പോഴും പരമ്പരാഗത രീതിയിലുള്ള വാവയുടെ പാമ്പു പിടിത്തത്തെ വിമർശിച്ച് കുറ്റവിചാരണ നടത്താനുള്ള മത്സരമായിരുന്നു സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചിലർ നടത്തിയത്.
ഇന്നത്തെപ്പോലെ ശാസ്ത്രീയ പരിശീലനമൊന്നും ലഭിക്കാതെ പാമ്പുപിടിത്തം തുടങ്ങിയ ആളാണ് സുരേഷ്. പാമ്പുകളെ സ്നേഹത്തോടെ പിടിക്കുകയും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാതെ കാട്ടിൽ കൊണ്ടു വിടുകയും ചെയ്യുന്നതിനാൽ സുരേഷിനെ കണ്ടാൽ പാമ്പുകൾ സന്തോഷത്തോടെ വിളിക്കുന്നു എന്ന അർത്ഥത്തിൽ "വാ വാ " എന്ന പേര് വർഷങ്ങൾക്കു മുമ്പ് ഇട്ടത് കേരളകൗമുദി വാർത്തയിലായിരുന്നു.
പാമ്പുകളെക്കുറിച്ച് മനുഷ്യർക്കിടയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ ഇല്ലാതാക്കി കണ്ടാൽ തല്ലി കൊല്ലരുതെന്നും അവയെ പിടിച്ചു കാട്ടിൽ കൊണ്ടു വിടണമെന്നുമുള്ള ബോധവത്ക്കരണം ജനങ്ങളിൽ ഉണ്ടാക്കിയത് സുരേഷാണ്. പാമ്പിനെ പിടിക്കാൻ ആര് ഫോണിലൂടെ ആവശ്യപ്പെട്ടാലും സ്വന്തം കാറിൽ എത്തി പാമ്പിനെ പിടിച്ചു കാട്ടിൽ കളയാൻ കൊണ്ടു പോവുന്നതിന് ചെലവ് കാശുപോലും വാങ്ങിയിരുന്നില്ല. പാമ്പുകളോടുള്ള സ്നേഹം , ലാഭേച്ഛയില്ലാത്ത പ്രവർത്തനവും മനസിലാക്കി വനം വകുപ്പ് സുരേഷിനെ ബ്രാൻഡ് അംബാസിഡർ പോലെ വളർത്തിയിരുന്നു.
കുറിച്ചിയിൽ വീട്ടുകാർ വിളിച്ചതനുസരിച്ചാണ് സുരേഷ് എത്തിയത്. പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടയിൽ കടികൊണ്ടിട്ടും ഇഴഞ്ഞു കല്ലുകൾക്കിടയിലേക്ക് പോയ പാമ്പിനെ പിടിച്ച് കൂട്ടിലാക്കി നാട്ടുകാരുടെയും വീട്ടുകാരുടെയും പേടി മാറ്റിയാണ് സുരേഷ് ആശുപത്രിയിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയിൽ ആന്റിവെനം നൽകിയിട്ടും അത്യാസന്ന നിലയിലായതോടെ വിവരമറിഞ്ഞ് ആശുപത്രിയിൽ സുരേഷിനെ കാണാൻ എത്തിയ സഹകരണ മന്ത്രി വി.എൻ.വാസവനാണ് കോട്ടയം മെഡിക്കൽ കോളേജാശുപത്രി തീവ്ര പരിചരണ വിഭാഗത്തിലെത്തിച്ചത്. ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം കഠിന പരിശ്രമം നടത്തിയായിരുന്നു മൂർഖന്റെ വിഷമേറ്റ് ഹൃദയത്തിനും തലച്ചേറിനും ഞരമ്പുകൾക്കും ക്ഷതം സംഭവിച്ച് മരണാസന്നനിലയിൽ നിന്ന് സുരേഷ് സാധാരണ നിലയിൽ എത്തിച്ചത്. നാല് ദിവസം അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രി വാസത്തിനിടയിൽ കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് മലയാളികൾ സുരേഷിന് വേണ്ടി പ്രാർത്ഥിച്ചു. ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി. അച്ചടി, ദൃശ്യ, മാദ്ധ്യമങ്ങളിൽ സുരേഷ് നിറഞ്ഞു നിന്നതോടെയാണ് സുരേഷ് പ്രാകൃത രീതിയിൽ പാമ്പിനെ പിടിക്കുന്നു. വാലിൽ പിടിച്ചു വലിച്ചു വേദനിപ്പിക്കുന്നു. ഈ പണി ഇനി സുരേഷ് നിറുത്തണം തുടങ്ങിയ വിമർശനങ്ങളോടെയുള്ള പോസ്റ്റുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
സമീപകാലത്ത് വനം വകുപ്പ് പാമ്പു പിടിത്തത്തിന് ശാസ്ത്രീയ പരിശീലനം നൽകിയിരുന്നു. നിരവധി പേർ പരിശീലനം കഴിഞ്ഞ് പുറത്തുവന്നിരുന്നു. സേഫ്റ്റി ഷൂവും ഹുക്കും തുണി സഞ്ചികളും പി.വി.സി പൈപ്പും മറ്റും ഉപയോഗിച്ചു പാമ്പിനെ പിടിക്കുന്നതിനായിരുന്നു പരിശീലനം . സുരേഷാകട്ടെ നഗ്നപാദനായി ഒരു കൈയിൽ ചാക്കുമായി വെറും കൈകൊണ്ടായിരുന്നു വർഷങ്ങളായി പാമ്പിനെ പിടിച്ചിരുന്നത്. കടി ഏൽക്കാനുള്ള സാദ്ധ്യത കൂടുതലായിട്ടും പല തവണ കടിയേറ്റിട്ടും ഈ രീതി തുടരുകയായിരുന്നു.
വാവാ സുരേഷ് ഇനി പാമ്പു പിടിക്കരുതെന്ന് പറയാൻ ആർക്കും അവകാശമില്ല . കടിയേറ്റിട്ടും സ്വയം പ്രഥമ ശുശ്രൂഷ നടത്തി, പെട്ടെന്ന് വൈദ്യ സഹായം തേടാതെ ഇഴഞ്ഞു പോയ പാമ്പിനെ വീണ്ടും കൂട്ടിലാക്കിയ ശേഷമാണ് ആശുപത്രിയിൽ കൊണ്ടു പോകാൻ ആവശ്യപ്പെട്ടത്. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നതും സ്വന്തം വിൽപവർ കൊണ്ടാണ്. ശാസ്ത്രീയ പരിശീലനം നേടിയെന്ന് അവകാശപ്പെട്ട് സുരേഷിനെ പരിഹസിക്കുന്നവർ കടിയേറ്റാൽ പാമ്പിനെ വീണ്ടും പിടിച്ച് നാട്ടുകാരെ രക്ഷിക്കാൻ തയ്യാറാകുമോ എന്നാണ് ചോദിക്കാനുള്ളത് . !..