controll-burning

അടിമാലി: വേനൽ കടുത്തതോടെ വനമേഖലയിൽ കാട്ടുതീ തടയാൻ വിപുലമായ നടപടികളുമായി വനംവകുപ്പ് നടപടി തുടങ്ങി. നേര്യമംഗലം, അടിമാലി, മച്ചിപ്ലാവ് നൂറ് കിലോമീറ്ററോളം ഫയർ ലൈൻ നിർമാണം ഇതിനോടകം പൂർത്തിയാക്കുകയും ഹെക്ടർ കണക്കിന് സ്ഥലത്തെ ഉണങ്ങിയ പുല്ലുകൾ കൺട്രോൾ ബേണിംഗിലൂടെ കത്തിച്ച് വനമേഖല അഗ്‌നി മുക്തമാക്കുകയും ചെയ്തു. ഇലപൊഴിയും കാടുകളാണ് നേര്യമംഗലം വനമേഖലയുടെ പ്രത്യേകത. വേനൽ ശക്തി പ്രാപിക്കുന്നതോടെ സാധാരണയായി കാണപ്പെടുന്ന ഇരുൾ, കരിമരുത് തേക്ക്, വെൻ തേക്ക് തുടങ്ങി വൃക്ഷങ്ങൾ ഇലകൾ പൊഴിച്ച് പ്രകൃതിക്കിണങ്ങും വിധം വേനലിനെ പ്രതിരോധിക്കാൻ തയ്യാറെടുക്കും. ഇങ്ങനെ ധാരാളമായി പൊഴിഞ്ഞു വീഴുന്ന ഇലകളും ചുള്ളികളും ഉണങ്ങി വരണ്ട് കനത്ത കാട്ടുതീക്കുള്ള ഇന്ധനമായി മാറും. കൂടാതെ പാറക്കെട്ടുകളോട് കൂടിയ ഈ വനമേഖലയിൽ പാറപ്പുറത്ത് പറ്റിവളരുന്ന പുല്ലുകളടക്കമുള്ള ധാരാളം വിവിധ സസ്യങ്ങളുമുണ്ട്. ഇവയും വേനലിൽ ഉണങ്ങി കാട്ടുതീക്ക് കാരണമാകും. ഇവിടെ പ്രതിരോധം വനം വകുപ്പിന് കടുത്ത വെല്ലുവിളിയാണ്.

ഫയർ വാച്ചർമാരെ

നിയമിച്ചു

കാട്ടുതീക്ക് അനുകൂലമായ നിരവധി സാഹചര്യങ്ങൾ ഉണ്ടെങ്കിലും അതിനെ മറികടന്നു കാട്ടുതീ തടയാനുള്ള മുൻകരുതലുകളും ഇവിടെ ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നൽകി ആദിവാസി യുവാക്കളെ ഫയർ വാച്ചർമാരായും നിയോഗിച്ചു.

കാട്ടുതീ മുക്തമായി ഈ വർഷം വനത്തെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കാട്ടുതീ ഉണ്ടായാൽ ഈനമ്പറുകളിൽ അറിയിക്കാം. 8547601475, 8547601442.

കെ വി രതീഷ്

അടിമാലി ഫോറസ്‌ററ് റേഞ്ച് ഓഫീസർ