 
അടിമാലി: ദേശീയപാതയിൽ കൂമ്പൻപാറയ്ക്ക് സമീപമുള്ള ഇടുങ്ങിയ കൊടുംവളവിൽ അപായ സൂചനയറിയിക്കാൻ ആകെയുള്ളത് വലിച്ച് കെട്ടിയ റിബ്ബൺ മാത്രം. ഇവിടെ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്. നേരിയ ഒരു അശ്രദ്ധ മതി വാഹനങ്ങൾ അപകടത്തിൽപ്പെടാൻ. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. ഈ പ്രദേശത്ത് പാതയുടെ ഒരു ഭാഗത്ത് വലിയ കൊക്കയാണ്. വഴി പരിചിതമല്ലാതെയെത്തുന്നവർക്ക് തൊട്ടരികിൽ എത്തുമ്പോഴെ പാതയുടെ വീതി കുറവും അപകടസാധ്യതയും തിരിച്ചറിയാൻ സാധിക്കൂ. ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് ഇടുങ്ങിയ ഈ വളവിലൂടെ പരസ്പരം മറികടന്ന് പോകാൻ സാധിക്കില്ല. വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്കേറുന്നതോടെ പലപ്പോഴുമിവിടെ ഗതാഗതകുരുക്കുമുണ്ടാകാറുണ്ട്. ഈ പ്രദേശത്ത് മുമ്പ് അപകടങ്ങൾ സംഭവിച്ചിട്ടുള്ളതായി സമീപവാസികൾ പറഞ്ഞു. ക്രാഷ് ബാരിയർ സ്ഥാപിച്ച് താത്കാലിക സുരക്ഷ ഒരുക്കി, റോഡിന്റെ വീതി വർദ്ധിപ്പിച്ച് അപകട വളവ് നിവർത്താൻ ഇടപെടലുണ്ടാകണം. അപകടസാധ്യത ഇല്ലാതാക്കാൻ ദേശിയപാതവിഭാഗത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.