mm-mani-

മൂന്നാർ: ബ്രാഹ്മണനായതുകൊണ്ടല്ലല്ലോ ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ മൂന്ന് വട്ടം സ്ഥാനാർത്ഥിയാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ മന്ത്രിയുമായ എം.എം. മണി. ജാതി നോക്കി സ്ഥാനാർത്ഥിയെ നിറുത്തിയത് സി.പി.എം ആണെന്ന രാജേന്ദ്രന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജാതി നോക്കി നിറുത്തിയത് കൊണ്ടാണ് രാജേന്ദ്രൻ മൂന്ന് തവണ എം.എൽ.എയായി ഞെളിഞ്ഞ് നടന്നത്. എസ്.സി സംവരണ സീറ്റിൽ ജാതി നോക്കാതെ എങ്ങനെയാണ് സ്ഥാനാർത്ഥിയെ നിറുത്തുക. വരദനും സുന്ദരമാണിക്യവും എ.കെ. മണിയും ചുമതലയിലെത്തിയത് സംവരണമുള്ളതുകൊണ്ടാണ്. പാർട്ടിക്കെതിരെ വാർത്താസമ്മേളനം വിളിച്ചാൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടിവരും. ഇത്രനാളും പാർട്ടിയുടെ ഒപ്പം നടന്നിട്ട് പാർട്ടിയെ അപമാനിക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ല. മൂന്നാറിൽ താൻ തന്നെ യോഗം വിളിച്ച് രാജേന്ദ്രന് മറുപടി നൽകും. പലതും പറയേണ്ടിവരുമ്പോൾ രാജേന്ദ്രന് വിഷമം ഉണ്ടാകും. എം.എൽ.എ ആയിരുന്ന കാലത്തൊന്നും രാജേന്ദ്രനെക്കൊണ്ട് പാർട്ടിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല. യൂണിയന്റെ വളർച്ചയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാനും രാജേന്ദ്രൻ തയ്യാറായില്ല. ജാതിയും മതവും നോക്കുന്നത് ആരാണെന്ന് ഞങ്ങൾക്ക് അറിയാമെന്നും അതൊക്കെ പറയിപ്പിക്കരുതെന്നും മണി പറഞ്ഞു.