രണ്ടാഴ്ചയ്ക്കിടെ പുലിയിറങ്ങുന്നത് രണ്ടാം തവണ
മുണ്ടക്കയം: ചെന്നാപ്പാറ നിവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയിറങ്ങി. കഴിഞ്ഞദിവസം രാത്രിയോടെ ചെന്നപ്പാറ ബി ഡിവിഷൻ ഫീൽഡ് ഓഫീസർ എം.എസ് റെജിയുടെ വീടിന്റെ സിറ്റൗട്ടിലാണ് പുലിയെ കണ്ടത്. സിറ്റൗട്ടിൽ കിടന്നിരുന്ന വളർത്തുനായയുടെ കുര കേട്ട് വീട്ടുകാർ വാതിൽ തുറന്നതോടെ പുലി ഓടിമറഞ്ഞു. പുലിയുടെ ആക്രമണത്തിൽ വളർത്തു നായയ്ക്കു പരിക്കുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലയാണിത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ തൊഴിലാളി കുടുംബങ്ങക്ക് പകൽ സമയത്തുപോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്.
വനംവകുപ്പിനെതിരെ നാട്ടുകാർ
രണ്ടാഴ്ച പിന്നിട്ടിട്ടും പുലിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ വനം വകുപ്പിനെതിരെ രംഗത്തെത്തി. ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്താനൊരുങ്ങുകയാണ് പ്രദേശവാസികൾ.