പാലാ: മുത്തോലി പഞ്ചായത്തിന്റെ മുഖച്ഛായ മാറുന്നു. മനോഹരമായ കവാടവും എ.സി ഫ്രണ്ട് ഓഫീസുമുൾപ്പെടെ സൂപ്പർ പഞ്ചായത്തിന്റെ രൂപം കൈവരിക്കാനൊരുങ്ങുകയാണ് മുത്തോലി. എട്ടു ലക്ഷത്തോളം രൂപാ മുടക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് മുത്തോലി പഞ്ചായത്ത് ആസ്ഥാനത്ത് പൂർത്തിയായിവരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. രഞ്ജിത്ത് മീനാഭവൻ പറഞ്ഞു.
നേരത്തെ ഇടുങ്ങിയ പ്രവേശന കവാടമാണ് ഇവിടെയുണ്ടായിരുന്നത്. ഒരു വാഹനം കഷ്ടിച്ച് മാത്രം പാർക്ക് ചെയ്യാനുള്ള ഇടമേ പഞ്ചായത്ത് അങ്കണത്തിൽ
ഉണ്ടായിരുന്നുള്ളൂ. കേവലം 6 അടിയോളം മാത്രം വീതിയുണ്ടായിരുന്ന ചെറിയ ഗേറ്റാണ് ഉണ്ടായിരുന്നത്.
ഇതെല്ലാം നിശേഷം പൊളിച്ചുനീക്കി കവാടം 10 അടി വീതിയിലാക്കി. ഇപ്പോൾ പഞ്ചായത്ത് അങ്കണത്തിൽ മൂന്ന് കാറുകൾ പാർക്ക് ചെയ്യാനുള്ള വീതിയായി. ഇതോടൊപ്പം ഇരുചക്രവാഹനങ്ങൾക്കും ഇവിടെ പാർക്ക് ചെയ്യാൻ കഴിയും.
മുത്തോലി പഞ്ചായത്തിന്റെ ഇടുങ്ങിയ പ്രവേശന കവാടം ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കെല്ലാം വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് എത്രയും വേഗം നവീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യമാണ് രഞ്ജി്ജിത്ത് മീനാഭവന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഇത്തവണ പ്രാവർത്തികമാക്കുന്നത്. തങ്ങൾ അധികാരത്തിൽ ഏറിയിട്ട് കേവലം ഒരു വർഷത്തിനുള്ളിൽത്തന്നെ ഇത് ചെയ്യാൻ കഴിഞ്ഞത് അഭിമാനകരമായി കരുതുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.
ഫ്രണ്ട് ഓഫീസും ആധുനിക രീതിയിൽ നവീകരിക്കുകയാണ്. ഇവിടം എയർകണ്ടീഷൻ ചെയ്യുകയാണ്. ഒപ്പം ജനങ്ങൾക്ക് വിശ്രമിക്കാനും, ടി.വി. കാണാനും, അപേക്ഷകൾ എഴുതാനുമുള്ള വിപുലമായ ക്രമീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തും. പൊതുജനങ്ങൾക്ക് മൊബൈൽ ചാർജ്ജ് ചെയ്യാനുള്ള സംവിധാനംകൂടി ഏർപ്പെടുത്തിക്കൊണ്ട് മനോഹരമായ ഫ്രണ്ട് ഓഫീസാണ് പൂർത്തിയായി വരുന്നതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. മാർച്ച് 31നുള്ളിൽ നവീകരണ പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. ഇതിനായി അതിവേഗം പണികൾ നടന്നുവരികയാണ്.