പാലാ: പെൺകുട്ടികൾക്ക് സംരക്ഷണം ഒരുക്കാൻ പാലാ ഡിവൈ.എസ്.പി ഷാജു ജോസ് ആവിഷ്‌കരിച്ച ''നമ്മുടെ പൊന്നോമനകൾ'' എന്ന പദ്ധതിക്ക് ആവേശകരമായ പ്രതികരണം. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പൊലീസിന് അഭിനന്ദിച്ച് രംഗത്തെത്തി. ഇന്നലെ ഡിവൈ.എസ്.പിയെ നേരിട്ടും സി.ഐ.യ്ക്കും പാലാ പൊലീസ് സ്റ്റേഷനിലേക്കുമായി പദ്ധതിക്ക് പിന്തുണ അറിയിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനമേധാവികൾ ഉൾപ്പെടെ നിരവധിപേരാണ് വിളിച്ചത്.
പദ്ധതിയുടെ വിശദമായ രൂപരേഖ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ തയാറാക്കിവരികയാണ്. ഇതിലേക്കായി വനിതാ പോലീസ് ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ഒരുക്കാനാണ് തീരുമാനം. കൊവിഡിന്റെ വ്യാപനം അൽപ്പംകൂടി ഒതുങ്ങിയാലുടൻ 'നമ്മുടെ പൊന്നോമനകൾ ' പദ്ധതിയുടെ ഔപചാരികമായ തുടക്കം പാലായിൽ നടക്കും. ഉദ്ഘാടനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് പാലാ അൽഫോൻസാ കോളേജ് അധികാരികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളായ പെൺകുട്ടികൾക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അവയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ''നമ്മുടെ പൊന്നോമനകൾ'' പദ്ധതി പൊലീസ് ആവിഷ്‌കരിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ വനിതാ ഹെൽപ്പ്‌ലൈനിന്റെയും വനിതാ സെല്ലിന്റെയും സഹായത്തോടെ പദ്ധതി കൂടുതൽ ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ ശ്രമം. ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം പോലീസ് ചീഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.