കുറവിലങ്ങാട്: ആഗോളമരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ മൂന്ന് നോമ്പ് തിരുനാളിനും പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ഓർമ്മയാചരണത്തിനും ഇന്ന് തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക. തിരുനാളിന് ഇന്ന് രാവിലെ 6.45ന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടം കൊടിയേറ്റും. 8.45ന് സീനിയർ അസി. വികാരി റവ.ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, 11ന് റസിഡന്റ് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ മമ്പള്ളിക്കുന്നേൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിക്കും. രാവിലെ 5.30, വൈകുന്നേരം 4.30, 6.00 എന്നീസമയങ്ങളിലും വിശുദ്ധ കുർബാന. സർക്കാർ നിർദ്ദേശപ്രകാരം 20 പേർക്കായിരിക്കും വിശുദ്ധ കുർബാനയിൽ പങ്കാളിത്തം നൽകുന്നത്. മോൻസ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനയോഗവും നടന്നു. പകലോമറ്റം, തോട്ടുവ, കുര്യനാട്, കോഴാ എന്നിവിടങ്ങളിൽ നിന്ന് നടത്തിയിരുന്ന പ്രദക്ഷിണങ്ങൾ ഇത്തവണ ഒഴിവാക്കി. തിരുനാളിലുള്ള ബാന്റ് സെറ്റുകളും പൂർണമായും ഒഴിവാക്കി. കപ്പൽ പ്രദക്ഷിണം കടപ്പൂർകരക്കാരുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ ആചാരപരമായി നടത്തും.