കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തെ ഗുഡ്‌ഷെഡ് റോഡിൽ യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായി പൊടിശല്യം. ഏറെനാളായി ടാറിളകി കുണ്ടും കുഴിയുമായി കിടക്കുകയാണ് റോഡ്. മഴക്കാലത്ത് ചെളിയിൽ മുങ്ങും. വേനൽക്കാലം ആരംഭിച്ചതോടെ പൊടിശല്യം കാരണം, വാഹനത്തിൽ സഞ്ചരിക്കുന്നവർ മൂക്കും വായും മൂടിക്കെട്ടേണ്ട സ്ഥിതിയാണ്. മദർ തെരേസ റോഡിൽ നിന്ന് നാഗമ്പടം പാലത്തിലേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണ് ഗുഡ്‌ഷെഡ് റോഡ്. നാഗമ്പടം പാലത്തിൽ നിന്ന് പൊലീസ് പരേഡ് ഗ്രൗണ്ടിലൂടെ നഗരത്തിൽ പ്രവേശിക്കുന്നതിനും ഇറഞ്ഞാലിലേക്കും പോകുന്നതിനും ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മുള്ളൻകുഴിയിലേക്കും പോകാനും ഈ വഴിയാണ് ഉപയോഗിക്കുന്നത്.

ഇരട്ടപ്രഹരമായി മണ്ണെടുപ്പ്
റെയിൽവേ പാതയിരട്ടിപ്പിക്കൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സമീപത്ത് മണ്ണെടുപ്പ് നടക്കുന്നതിനാൽ ഇതുവഴിയാണ് ലോറികളിൽ മണ്ണുമായി പോകുന്നത്. റോഡ് നിറയെ മണ്ണ് വീണ് കിടക്കുന്നതിനാൽ പൊടിശല്യം ഇരട്ടിയായി. മുൻപേ ഒരു വാഹനം പോയാൽ പിന്നാലെ എത്തുന്നവർക്ക് പൊടിശല്യം കാരണം കടന്ന് പോകാനാകില്ല. ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ ദുരിതം. പൊടി സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തുന്ന സാഹചര്യമാണ്. പലർക്കും ശ്വാസകോശസംബന്ധമായ രോഗങ്ങളും അലട്ടുന്നുണ്ട്.

ടാറിളകി കുണ്ടും കുഴിയുമായി

മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും

അപകടങ്ങൾ തുടർക്കഥ