cvr-ph

കോട്ടയം: സ്ത്രീകളിൽ സ്തനാർബുദ സാദ്ധ്യതയെക്കുറിച്ചും അതെങ്ങിനെ നേരിടണമെന്നതിനെക്കുറിച്ചും ബോധവത്കരിക്കുന്ന 'കരുതലോടെ മുന്നോട്ട് ' എന്ന ഹൃസ്വ ചിത്രം നിർമ്മിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ വനിതാ ഡോക്ടർമാർ. ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ചാണ് ചിത്രം പുറത്തിറക്കിയത്.

ഭയപ്പാടില്ലാതെ രോഗത്തെ സമീപിക്കേണ്ടതിനെക്കുറിച്ചു വിശദീകരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജെനി ജോസഫാണ് . ഡോക്ടർമാരായ സപ്‌ന സുരേന്ദ്രൻ, ജൂഡിത്ത് ആരോൺ, ജെന്നി ജോസഫ്, സുനു ജോൺ, ആശ, ബുൽ ബുൽ, ജ്യോലിത എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ളത് .

കാൻസർ സ്‌ക്രീനിംഗിനെ കുറിച്ചും സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനെ കുറിച്ചും ചിത്രം വിശദീകരിക്കുന്നു. 40- 50 വയസ് പ്രായമുള്ള സ്ത്രീകളിൽ സ്തനാർബുദം കൂടുതലായി കണ്ടുവരുന്നതിനാൽ ഇതേക്കുറിച്ച് വ്യക്തമായ ധാരണ അനിവാര്യമാണ്. ഇതാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്ന് ഡോ.ജെനി ജോസഫ് പറഞ്ഞു. മുൻകൂട്ടി കണ്ടെത്തിയാൽ കാൻസർ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. ചെലവുകുറഞ്ഞ ലളിതമായ ചികിത്സകൾ മാത്രമേ ആവശ്യമായി വരികയുള്ളൂ. രാഹുൽ ശിവൻ, അഭി, മനോജ് ജോർജ് എന്നിവരാണ് സാങ്കേതിക സഹായം നൽകിയത്. 'കരുതലോടെ മുന്നോട്ട്' യു ട്യൂബിൽ ലഭ്യമാണ്.