പാലാ : മുതിർന്ന പൗരന്മാക്ക് വേണ്ടിയുള്ള ആരോഗ്യ പദ്ധതി 'വയോമിത്രം' മെഡിക്കൽ ക്യാമ്പുകളോടെ പാലാ നഗരസഭയിൽ പുന:രാരംഭിക്കുകയാണെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. കൊവിഡ് കാലത്ത് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നില്ല. പകരം ആശാ വർക്കർമാരും കൗൺസിലർമാരും വീടുകളിൽ എത്തിയാണ് സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്. വരുമാന പരിധി കണക്കാക്കാതെ 65 വയസിനു മുകളിൽ പ്രായം വരുന്ന നഗരപ്രദേശത്ത് താമസമാക്കിയ ഏവർക്കും സൗജന്യ പരിശോധനയും മരുന്നും ലഭ്യമാക്കുമെന്ന് ചെയർമാൻ പറഞ്ഞു. ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. വീണ്ടും പ്രാദേശിക തലത്തിൽ മെഡിക്കൽ ക്യാമ്പുകൾ പുന:രാരംഭിക്കും. നിലവിൽ നഗരസഭാ പ്രദേശത്തെ 3600ൽപ്പരം പേർ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്യാമ്പുകളിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, ജൂണിയർ പബ്‌ളിക് ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ അടങ്ങിയ മെഡിക്കൽ ടീം നഗരസഭാ പ്രദേശത്തെ 23 ക്യാമ്പുകളില്യം എത്തി പരിശോധന നടത്തി മരുന്നുകൾ നൽകും. മാസത്തിൽ രണ്ടു തവണ ഓരോ ക്യാമ്പിലും ടീം എത്തും. കൂടാതെ കൗൺസിലിംഗ്, കിടപ്പു രോഗികളുടെ ഭവന സന്ദർശനം, കമ്മ്യൂണിറ്റി പ്രോഗ്രാം, ആരോഗ്യ പരിശോധന എന്നിവയും നടത്തും.

നഗരസഭാ പ്രദേശത്തെ മുഴുവൻ വയോജനങ്ങളെയും പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്നതിന് വാർഡു കൗൺസിലർമാരെയും ആശാ വർക്കർമാരുമായും ബന്ധപ്പെട്ട് സേവനം ഉറപ്പുവരുത്തണമെന്ന് ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.