പാലാ : നഗരത്തിലെ തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതി ആരംഭിച്ചു. നഗരത്തിലാകെ 90 തെരുവ് കച്ചവടക്കാരുണ്ടെന്നാണ് നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ സർവേയിൽ കണ്ടെത്തിയത്. ഇവർക്ക് മുഴുവൻ തിരിച്ചറിയൽ കാർഡ് നൽകിയതായി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ഇവർക്കുള്ള ലൈസൻസുകൾ പിന്നീട് വിതരണം ചെയ്യും. നിലവിൽ നഗരത്തിലെ രണ്ട് റോഡുകളിൽ തെരുവോര കച്ചവടം കർശനമായി വിലക്കിയിട്ടുണ്ട്. ടി.ബി റോഡിലും, കട്ടക്കയം റോഡിൽ സിവിൽസ്റ്റേഷൻ വരെയും വഴിയോരത്ത് ഒരുവിധ കച്ചവടവും അനുവദിക്കില്ല. ചില മേഖലകളെ നിയന്ത്രിതമേഖലകളാക്കിയും മാറ്റിയിട്ടുണ്ട്. കടപ്പാട്ടൂർ പാലം ജംഗ്ഷൻ മുതൽ ളാലം പാലം വരെയും, ളാലം പാലം ജംഗ്ഷൻ മുതൽ ഈരാറ്റുപേട്ട റൂട്ടിൽ പെട്രോൾ പമ്പ് വരെയും, തൊടുപുഴ റൂട്ടിൽ കിഴതടിയൂർ പള്ളി വരെയും പാലാ കുരിശുപള്ളി മുതൽ സിവിൽ സ്റ്റേഷൻ വരെയും, പൊൻകുന്നം റൂട്ടിൽ വലിയ പാലം മുതൽ മുരിക്കുംപുഴ കാണിക്കമണ്ഡം ജംഗ്ഷൻ വരെയുമാണ് നിയന്ത്രിത മേഖല. ഇവിടെ വഴിയാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്നവരെ തുടരാൻ അനുവദിക്കും. പുതുതായി ആർക്കും തെരുവുകച്ചവടത്തിന് ലൈസൻസ് നൽകില്ല.
90 പേരിൽ ബാക്കിയുള്ളവരെ സ്വതന്ത്രമേഖലയിൽ കച്ചവടം നടത്താൻ അനുവദിക്കും.
പുതിയ ഭരണസമിതി 4 ന്
തെരുവോര കച്ചവടക്കാരുടെ ഭരണസമിതി മാർച്ച് 4 ന് നിലവിൽ വരും. അതിനുശേഷം ആ ഭരണസമിതിയുടെ നേതൃത്വത്തിലാണ് തെരുവോര കച്ചവടക്കാരുടെ ഉന്നമനവും മറ്റ് പ്രശ്‌നങ്ങളും ചർച്ച ചെയ്ത് തീരുമാനം ഉണ്ടാക്കുക.
90 തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ്
ടി.ബി റോഡിലും കട്ടക്കയം റോഡിലും വഴിയോരകച്ചവടം അനുവദിക്കില്ല
5 റോഡുകളിൽ നിയന്ത്രിത രീതിയിൽ മാത്രം കച്ചവടം
പുതിയതായി ആർക്കും ലൈസൻസ് നൽകില്ല