ചങ്ങനാശേരി : ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസും, മോട്ടോർവാഹനവകുപ്പും വിശദ പരിശോധന നടത്തി. ട്രാഫിക് എസ്.പി ബി.കൃഷ്‌ണകുമാറും, ചങ്ങനാശേരി എസ്.എച്ച്.ഒ റിച്ചാഡ് വർഗീസുമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.45 ന് എം.സി റോഡിൽ എസ്.ബി കോളേജിനു സമീപമുണ്ടായ അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ചങ്ങനാശേരി ഹിദായത്ത് നഗർ പള്ളിപറമ്പിൽ അജ്മൽ റോഷൻ (27), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ്മാർക്കറ്റ് ഭാഗത്ത് ഉള്ളാഹയിൽ അലക്‌സ് (26) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അലക്‌സിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ചങ്ങനാശേരി കാരാപ്പുഴശേരി ഷിന്റോയെ (23) ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി.

കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. അപകടം നടന്ന സ്ഥലത്തിന് എതിർവശത്തെ സ്ഥാപപനങ്ങളിലാണ് കാമറകളുള്ളത്. ഇതിൽ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കൂടുതൽ വ്യക്തതയ്ക്കായി ഷിന്റോയുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.