മുന്നാർ: കന്നിമല എസ്റ്റേറ്റിൽ ഒറ്റയടിക്ക് പുലി കൊലപ്പെടുത്തിയത് നാലു പശു കിടാക്കളെ. പ്രശ്‌നം കൈവിട്ടു പോകുന്ന നിലയിലായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.ഒന്നിനു പുറകെ ഒന്നായി വന്യമൃഗത്തിൽ ഭീഷണിയിൽ നിന്നും മുക്തമാകാതെ എസ്റ്റേറ്റിലെ തൊഴിലാളികൾ ആശങ്കയിലായി. കഴിഞ്ഞ ദിവസം പകൽ സമയത്ത് പണിയെടുക്കുന്നതിനയിൽ തൊഴിലാളികളുടെ സമീപത്ത് എത്തിയതിന് പിന്നാലെ അതേ എസ്റ്റേറ്റിൽ തന്നെ പുലി ഒറ്റയടിക്ക് വക വരുത്തിയത് നാലു പശുകിടാക്കളെ. കന്നിമല ലോവർ ഡിവിഷനിലെ നാലു പശുക്കിടാക്കളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കന്നിമല ലോവർ ഡിവിഷനിലെ തൊഴിലാളിയായ കസമുത്തുവിന്റെ പശുക്കളാണ് കൊല്ലപ്പെട്ടത്. തോട്ടത്തിൽ പണിയെടുക്കാൻ വന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ട നിലയിൽ പശുക്കളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മേയാൻ വിട്ട പശുക്കൾ രാത്രി വൈകിയിട്ടും മടങ്ങി വന്നിരുന്നില്ല. കൊല്ലപ്പെട്ട മൂന്നു പശുക്കൾ സമീപത്തായാണ് കിടന്നതെങ്കിലും ഒരു പശുവിനെ വലിച്ചിഴച്ച് കാട്ടിനുള്ളിലേക്ക് കൊണ്ടുപോകുകയും പാതി ഭക്ഷിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ നാലു വർഷത്തിനിടയ്ക്ക് കന്നിമലയിൽ മാത്രം 17 പശുക്കളാണ് പുലിയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്. കുട്ടികളെ പഠിപ്പിക്കുന്നതിനും കുടുംബചിലവുകൾക്കും ഒരു വരുമാനമെന്ന നിലയിൽ പശുവിനെ വളർത്തുന്ന എസ്രേറ്റ് തൊഴിലാളികൾക്ക് പുലിയുടെ ആക്രമണം വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് കൊലപ്പെട്ട കിടാക്കളുടെ ഉടമയായ കസമുത്തു പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്കുള്ള കാലയളവിൽ പുലിയുടെ ഭീഷണി തോട്ടം മേഖലയിൽ എസ്റ്റേറ്റുകളിൽ അതീവ രൂക്ഷമായിരിക്കുകയാണ്. ഇക്കാലയളവിൽ 46 പശുക്കളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. പ്രശ്‌നം കൈവിട്ടു പോകുന്ന നിലയെത്തിയിട്ടും ഇക്കാര്യത്തിൽ വനം വകുപ്പ് അനാസ്ഥ പുലർത്തുകയാണെന്ന് തൊഴിലാളികൾ ആരോപിച്ചു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനിയില്ലെങ്കിൽ എസ്റ്റേറ്റുകളിൽ പശുക്കളെ വളർത്തുവാൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.