
കോട്ടയം: ''കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥന എനിക്കൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടാണ് തിരികെ വരാനായത്. മരണം വരെ പാമ്പ് പിടിത്തം തുടരും. എല്ലാവർക്കും നന്ദി” - ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യവാനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും മുമ്പ് വാവ സുരേഷ് തൊഴുകൈയോടെ പറഞ്ഞു.
അത്യാഹിത വിഭാഗത്തിന് മുന്നിൽ വാവയെ യാത്രയയക്കാൻ കാത്തുനിന്ന സ്ത്രീകളടക്കമുള്ള വൻ ജനക്കൂട്ടത്തിന്റെ സ്നേഹപ്രകടനങ്ങളിൽ സുരേഷ് വികാരധീനനായി.
" സമയോചിതമായി വൈദ്യ സഹായം ലഭിച്ചതിനാലാണ് ജീവിച്ചിരിക്കുന്നത്. കോട്ടയം എനിക്ക് ജീവൻ തിരിച്ചു തന്നു. പല തവണ പാമ്പുകടിയേറ്റിട്ടുണ്ട്. അന്നൊന്നും ലഭിക്കാത്ത കോ-ഒാർഡിനേഷൻ ഇവിടെയുണ്ടായി. അതിന് മന്ത്രി വി.എൻ. വാസവനോട് നന്ദിയുണ്ട്. ലോകത്താദ്യമായിരിക്കാം ഒരു മന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ പാമ്പുകടിയേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചത്. കുറിച്ചിയിൽ വച്ച് പാമ്പ് കടിച്ചപ്പോൾ സ്വന്തം വാഹനത്തിലാണ് ആശുപത്രിയിലേക്ക് വരാനിരുന്നത്. വഴി അറിയില്ലായിരുന്നു. നിജു എന്നയാളാണ് സ്വന്തം വാഹനത്തിൽ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് അവരോട് പറഞ്ഞു. തുടർന്ന് ബോധരഹിതനായി. പിന്നെയെന്നും ഓർമയില്ല. നാലാം ദിവസമാണ് ബോധം വരുന്നത്. - വാവ പറഞ്ഞു.
“ 2006ലാണ് പാമ്പിനെ പിടിക്കാൻ വനംവകുപ്പിന് ആദ്യമായി പരിശീലനം നൽകുന്നത്. അന്ന് മറ്റ് പാമ്പ് പിടിത്തക്കാരൊന്നും ഉണ്ടായിരുന്നില്ല. പ്രാകൃത രീതിയിലാണ് പാമ്പിനെ പിടിക്കുന്നതെന്ന കാമ്പയിൻ വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എനിക്കെതിരെ നടക്കുകയാണ്. ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്ന ഒരാൾ കൈയിൽ കടിയേറ്റ് ആറ് ദിവസം കോഴിക്കോട്ട് രഹസ്യചികിത്സ തേടിയത് എനിക്കറിയാം. ഇതിൽ സുരക്ഷിതമായ രീതി ഇല്ല. പാമ്പ് പിടിത്ത രീതിയിൽ മാറ്റം വരുത്തണോ എന്ന് പിന്നീട് തീരുമാനിക്കും. ഇനി വിശ്രമിക്കണമെന്ന് എന്നെ സ്നേഹിക്കുന്ന പലരും ഉപദേശിച്ചതിൽ നന്ദിയുണ്ട്.” -അദ്ദേഹം പറഞ്ഞു.
ക്രിട്ടിക്കൽ മെഡിക്കൽ കെയർ യൂണിറ്റിൽ ഡോക്ടർമാർ ഉൾപ്പെടെ ഒമ്പതംഗ സംഘത്തിന്റെ വിദഗ്ദ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. മൂർഖന്റെ കടിയേറ്റാൽ പരമാവധി 25 കുപ്പി ആന്റിവെനമാണ് നൽകാറുള്ളത്. എന്നാൽ സുരേഷിന് 65 കുപ്പി ആന്റിവെനം നൽകേണ്ടിവന്നു.
വാവയ്ക്ക് വീട് നിർമിച്ച് നൽകും: മന്ത്രി വാസവൻ
വാവ സുരേഷിന് കോട്ടയത്തെ അഭയം ചാരിറ്റബിൾ സൊസൈറ്റി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ വീട് നിർമിച്ചു നൽകുമെന്ന് അഭയം ചെയർമാൻ കൂടിയായ മന്ത്രി വാസവൻ അറിയിച്ചു.