suresh

കോട്ടയം: " ഇനി കുറച്ചു കാലം വിശ്രമിക്കണം. ഇവിടെ പാമ്പുണ്ടെന്ന് ആര് വിളിച്ചു പറഞ്ഞാലും പാഞ്ഞു പോകരുത് .സ്വന്തം ആരോഗ്യം കൂടി നോക്കി വേണം ഇനി പാമ്പു പിടിത്തം നടത്താൻ " സഹകരണ മന്ത്രി വി.എൻ.വാസവന്റെ ഉപദേശം കേട്ട് കൈകൂപ്പി വാവ സുരേഷ് പറഞ്ഞു " അങ്ങ് എനിക്ക് ദൈവത്തെ പോലെയാണ്. '

'കോട്ടയത്തെ ജനങ്ങൾ സുരേഷിന്റെ ജീവൻ തിരിച്ചു കിട്ടണമെന്ന് ആഗ്രഹിച്ചു. അതു സാധിക്കാനായി മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ മികച്ച രീതിയിൽ പ്രവർത്തിച്ചു'വെന്ന് വാസവൻ മറുപ‌ടി നൽകി. ഇരുപതു ശതമാനം മാത്രം മിടിപ്പുള്ള ഹൃദയവുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. എല്ലാ വകുപ്പ് മേധാവികളെയും ചേർത്ത് സൂപ്രണ്ട് ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം ഉണ്ടാക്കി. 24 മണിക്കൂറും പ്രത്യേക സംഘത്തിന്റെ നിരീക്ഷണം ഉണ്ടായിരുന്നു. അവരുടെ ചികിത്സയുടെ ഫലമായാണ് സുരേഷ് സാധാരണ ജീവിതത്തിൽ എത്തിയത്. ഇത് ഏറ്റുമാനൂർ മണ്ഡലത്തിലുള്ള കോട്ടയം മെഡിക്കൽ കോളേജിന് കൂടി അഭിമാന നിമിഷമാണ് . വനം വകുപ്പിന്റെ നിയന്ത്രണങ്ങളും സർപ്പ ആപ്ലിക്കേഷനുമെല്ലാം വരും മുമ്പ് പാമ്പുമായി ബന്ധപ്പെട്ട ഒരു പാട് തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും മാറ്റാൻ സ്വന്തം ജീവിതംം ഉഴിഞ്ഞുവെച്ചതിനാലാണ് വാവ കേരളത്തിനകത്തും പുറത്തും വിദേശത്തും പ്രിയങ്കരനായത്. സാമ്പത്തിക നേട്ടമുണ്ടാക്കാതെ ഇന്നും ചെറ്റക്കുടിലിലാണ് താമസമെന്നു മനസിലാക്കിയാണ് അഭയം ചാരിറ്റബിൾ സൊസൈറ്റി വീട് വച്ചു നൽകാൻ തീരുമാനിച്ചത്. പ്രതിഫലം വാങ്ങാതെ പാമ്പു പിടിക്കുന്ന സുരേഷ് വീട് സ്വീകരിക്കുമോയെന്ന് സംശയമുണ്ടായിരുന്നു - വാസവൻ പറഞ്ഞു.

 ഇതിനപ്പുറം ഒരു സുരക്ഷയുമില്ല : വാവ സുരേഷ്

കൈകൊണ്ട് പാമ്പിനെ പിടിച്ചതു കൊണ്ടാണ് കടിയേറ്റതെന്ന പ്രചാരണം വാവ സുരേഷ് തള്ളി . കുറിച്ചിയിൽ പാമ്പിനെ പിടിച്ചപ്പോൾ ശാസ്ത്രീയമായ പാമ്പുപിടിത്തത്തിന് ഉപയോഗിക്കണമെന്ന് ഇപ്പോൾ ചിലർ പറയുന്ന ഹുക്ക് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ വയറിന് കടിയേറ്റേനേ. എങ്കിൽ മരണം ഉടൻ സംഭവിക്കുമായിരുന്നു. പാമ്പ് പിടിത്തതിൽ ഒരു സുരക്ഷിതത്വവുമില്ല. എത്ര മുൻ കരുതൽ എടുത്താലും എപ്പോൾ വേണമെങ്കിലും കടിയേൽക്കാം. മുറിവിലെ വിഷം ഞെക്കി കളഞ്ഞ ശേഷം കടിയേറ്റ ഭാഗത്തിന് മുകളിൽ തുണികൊണ്ട് മുറുക്കെ കെട്ടി പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. വിദഗ്ദ്ധ ചികിത്സ സമയത്ത് ലഭിച്ചാൽ രക്ഷപെടാം. ഇതിനപ്പുറം ഒരു സുരക്ഷയുമില്ല.