vava

കോട്ടയം: പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി മടങ്ങുന്നത് കാണാനായി ആശുപത്രി പരിസരത്ത് രാവിലെ മുതൽ നൂറ് കണക്കിനാളുകൾ കാത്തുനിന്നിരുന്നു. പത്തരയോടെ മന്ത്രി വി.എൻ വാസവനും എത്തി.
11 മണിക്ക് വാവയെ ഡിസ്ചാർജ് ചെയ്‌തെങ്കിലും. മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് പുറത്തേക്കിറക്കിയത്. മന്ത്രിയുടേയും ആശുപത്രിയധികൃതരുടെയും അകമ്പടിയോടെ അദ്ദേഹം അത്യാഹിത വിഭാഗത്തിന്റെ മുൻവശത്ത് വന്നപ്പോൾ പരിസരം ജനനിബിഡമായി. ജനങ്ങളും മാദ്ധ്യമ പ്രവർത്തകരും ഉന്തും തള്ളുമായി. പൊലീസും സെക്യൂരിറ്റി ഗാർഡുകളും പരമാവധി ശ്രമിച്ചിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല.

'ഒരു സഹോദരനെപ്പോലെ തന്നെ കരുതിയ, പരിചരിച്ച, സനേഹിച്ച മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, തനിക്കായി ഓടിയെത്തി, എല്ലാം ചെയ്തു തന്ന വാസവൻ ചേട്ടൻ , എല്ലാത്തിലുമുപരി കണ്ണുനീരോടെ പ്രാർത്ഥിച്ച കുറിച്ചി നിവാസികൾ തുടങ്ങി എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്ന'തായി അദ്ദേഹം പറഞ്ഞു. താൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കുന്നില്ല, തന്നെ അനുകരിച്ച് ധാരാളം ആൾക്കാർ അപകടത്തിൽപ്പെടുന്നു തുടങ്ങി തന്റെ നേരെ ഗുരുതരമായ ആരോപണങ്ങൾ വനം വകുപ്പ് ഉയർത്തുന്നുണ്ട്. ഒരു ഉദ്യോഗസ്ഥൻ തനിക്കെതിരെ നുണക്കഥകൾ പറഞ്ഞു നടക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻെ പേര് ഈ അവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നില്ല. ജീവനുള്ളിടത്തോളം കാലം ഞാൻ പാമ്പ് സംരക്ഷണ മേഖലയിൽ നിന്ന് പുറകോട്ടേക്കില്ല' - വാവ മാദ്ധ്യമങ്ങളോടായി പറഞ്ഞു.

പുറപ്പെടും മുൻപ് കുറച്ചി വാണിയപ്പുരയ്ക്കൽ വീട്ടിലെ നിജു വാവയുടെ നെറ്റിയിൽ കൈനടി കരുമാത്ര ക്ഷേത്രത്തിലെ ഭസ്മം ചാർത്തി. 11. 45 ഒാടെ അദ്ദേഹം കാറിൽ വീട്ടിലെക്ക് മടങ്ങി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, ഡോ. സംഗമിത്ര, ആർ.എം.ഒ ആർ.പി രഞ്ചൻ, നവജീവൻ ട്രസ്റ്റി പി.യു തോമസ് എന്നിവരും യാത്രയാക്കാൻ എത്തിയിരുന്നു.