വെളിയന്നൂർ: പഞ്ചായത്തിലെ ക്ഷീരകർഷകരെ മുഴുവൻ ക്ഷേമനിധിയിൽ അംഗങ്ങളാക്കിയ സംസ്ഥാനത്തെ തന്നെ ആദ്യ പഞ്ചായത്ത്... പഞ്ചായത്ത് പരാതി പരിഹാരസെൽ... തുടർച്ചയായി നാലാം വർഷവും നുറുശതമാനം പദ്ധതി ചെലവും നൂറുശതമാനം നികുതി പിരിവും നടത്തുന്ന പഞ്ചായത്ത്... ഇങ്ങനെ വികസനത്തിന്റെ വേറിട്ട ശൈലിയുമായി മുന്നേറുകയാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്ത്.

ആധുനിക വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ജനങ്ങൾക്ക് സമയ ബന്ധിതമായി നൽകുന്ന കോട്ടയം ജില്ലയിലെ മികച്ച സദ്ഭരണ ഗ്രാമപഞ്ചായത്താണ് വെളിയന്നൂർ. പ്രസിഡന്റ് സണ്ണിപുതിയിടം നേതൃത്വം നൽകുന്ന വെളിയന്നൂർ പഞ്ചായത്തിൽ ഉത്പാദന സേവന പശ്ചാത്തല മേഖലകളിലെ സമഗ്രവികസനത്തിനുള്ള പ്രവർത്തനങ്ങൾ 2021-22 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിവരുകയാണ്. കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന 10 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തിയാക്കി. വളം വിതരണ പദ്ധതി, നെൽകൃഷി വികസനപദ്ധതി, വെളിയന്നൂരിനെ തേൻ ഗ്രാമമാക്കി മാറ്റുന്നതിന് തേനീച്ച വളർത്തൽ പദ്ധതി എന്നിവ അവയിൽ ചിലത് മാത്രം. വെളിയന്നൂരിനെ സമ്പൂർണ മുട്ട ഗ്രാമമാക്കി മാറ്റുന്നതിന് 7.5 ലക്ഷം രൂപ വകയിരുത്തി മുട്ടക്കോഴി വിതരണം പൂർത്തീകരിച്ചു.

വിശപ്പുരഹിത വെളിയന്നൂർ പദ്ധതിയുടെ ഭാഗമായി പുതുവേലിയിൽ ജനകീയ ഹോട്ടൽ പ്രവർത്തിച്ചുവരുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ 12.5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ആധുനിക സൗകര്യമുള്ള ബഡ് സ്‌കൂളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ജില്ലയിലെ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 26 അംഗ ഹരിതകർമ്മസേന വെളിയന്നൂരിന് അഭിമാനമാണ്. യൂസർ ഫീസ് ഇനത്തിൽ പ്രതിമാസം 75000 രൂപയോളം സമാഹരിക്കുന്നതിനും മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിന്റെ നെടുംതൂണുകളായി മാറുന്നതിനും ഈ സംവിധാനത്തെ പ്രാപ്തമാക്കിയിരിക്കുകയാണ്.
പഞ്ചായത്തിലെ 13 വാർഡുകളിലും ആരോഗ്യവകുപ്പിന്റേതും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണത്തോടെ വാർഡ് ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ച വർഷം കൂടിയാണിത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ പെടുത്തി 50 ലക്ഷം രൂപ വകയിരുത്തി. പുതുവേലി,താമരക്കാട്,അരീക്കര ജംഗ്ഷനുകളിൽ ആധുനികരീതിയിലുള്ള വഴിയിട വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.

ജലജീവൻ മിഷന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തീകരിച്ച് പഞ്ചായത്തിലെ ആയിരത്തിലേറെ കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ ലഭ്യമാക്കാൻ സാധിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് പ്രസിഡന്റ് സണ്ണി പുതിയിടം പറഞ്ഞു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന 3.25 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തീകരണഘട്ടത്തിലാണ്. താമരക്കാട് ജംഗ്ഷനിലെ നവീകരിച്ച ഹോമിയോ ആശുപത്രി, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകയാകുന്ന ചമേൽക്കുളം, വേട്ടുച്ചിറക്കുളം, കാവുംകുളം എന്നിവയുടെ പുനരുദ്ധാരണവും ശ്രദ്ധിക്കപ്പെട്ട പദ്ധതികളാണ്.


ചെറിയ പഞ്ചായത്താണെങ്കിലും വികസനകാര്യങ്ങളിൽ വലിയ പഞ്ചായത്തുകളുടെ നിലയിലാണ് ഞങ്ങളും. കക്ഷി രാഷ്ട്രീയഭേദമന്യെ എല്ലാവരുടെയും പിന്തുണയും ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പ്രവർത്തനവുമാണ് നേട്ടങ്ങൾക്ക് പിന്നിൽ.

സണ്ണി പുതിയിടം
വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ്

ഫോട്ടോ അടിക്കുറിപ്പ്:
1. സണ്ണി പുതിയിടം, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ്
2. വെളിയന്നൂർ പഞ്ചായത്ത് ഓഫീസ് മന്ദിരം.