school

കോട്ടയം: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നു. സ്‌കൂൾ, കോളേജ് എന്നിവ വീണ്ടും ആരംഭിച്ചതോടെ, ഓൺലൈൻ ക്ലാസുകളിൽനിന്നും വലിയ ആശ്വാസമാണ് ലഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കൊവിഡ് വ്യാപനവും ക്ലസ്റ്ററുകളും രൂപപ്പെട്ടതോടെയാണ് ജനുവരി രണ്ടാം വാരം കലാലയങ്ങൾ അടച്ചത്. മാനദണ്ഡങ്ങൾ പാലിച്ച് മുൻപ് രാവിലെ മുതൽ ഉച്ചവരെയായിരുന്നു ക്ലാസ്സുകൾ നടത്തിയിരുന്നത്. നിയന്ത്രണത്തിൽ ഇളവ് വന്നതോടെ, ഇന്നലെ മുതൽ പത്താംക്ലാസ്, പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയായി നീട്ടി. പകുതി വിദ്യാർത്ഥികൾ സ്‌കൂളിൽ നേരിട്ടും മറ്റ് കുട്ടികൾ ഓൺലൈനായുമാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്.

പത്താംക്ലാസ് വിദ്യാർത്ഥികളുടെ പാഠഭാഗങ്ങൾ പൂർത്തീകരിച്ച് മാർച്ച് അവസാന വാരം ആരംഭിക്കുന്ന പരീക്ഷയ്ക്കായുള്ള റിവിഷനാണ് നിലവിൽ നടക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികളുടെ പാഠഭാഗങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു. പ്ലസ്ടു വിഭാഗം പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുന്നുണ്ട്.

കൊവിഡ് രോഗത്തിനൊപ്പം പരീക്ഷാപ്പേടിയുമുണ്ട്. പാഠഭാഗങ്ങൾ പൂർത്തിയാക്കി റിവിഷൻ ആരംഭിച്ചെങ്കിലും ഓൺലൈൻ ക്ലാസുകൾക്ക് പരിമിതിയുണ്ട്. അത് കുട്ടികളുടെ പഠനത്തെയും അദ്ധ്യാപകരെയും പ്രതികൂലമായി ബാധിക്കുമായിരുന്നു.

-ബീന ബേബി, എച്ച്.എം, ബേക്കർ സ്‌കൂൾ കോട്ടയം

ഇന്നലെ ആദ്യ ദിനമായതിനാൽ, കുട്ടികൾ എണ്ണത്തിലും കുറവായിരുന്നു. വിദ്യാർത്ഥികളുടെ പഠനമികവിന് സ്‌കൂൾ അന്തരീക്ഷവും ക്ലാസ് റൂമിലെ പഠനവുമാണ് മികച്ചത്.

- ഷിബു തോമസ്, പ്രിൻസിപ്പൽ, ബേക്കർ സ്‌കൂൾ, കോട്ടയം