കുമരകം: കുമരകം കൃഷിഭവനു കീഴിലുള്ള പാടശേഖരങ്ങളിൽ കീടരോഗ നിയന്ത്രണങ്ങൾക്ക് ഇനി ജൈവീക കീടനാശിനികൾ മാത്രം ഉപയോഗിക്കാൻ കൃഷി വകുപ്പ് നിർദേശം. ഇതിനെ തുടർന്ന് ഈ സീസണിൽ പുഞ്ചകൃഷി മുതൽ ജൈവീക കീടനാശിനികൾ ഉപയോഗിച്ചു തുടങ്ങി. വെളിയം, പടിഞ്ഞാറേ പള്ളിക്കായൽ തുടങ്ങിയ പാടശേഖരങ്ങളിൽ ജൈവീക കീടനാശിനികൾ കൂടുതൽ ഫലപ്രദമാകാൻ ഡ്രോൺ ഉപയോഗിച്ചാണ് തളിച്ചത്. വരുംകാലങ്ങളിൽ ബയോ കൺട്രോൾ ഏജന്റ്സായ ജൈവ കീടനാശിനികൾ മാത്രം കാർഷിക മേഖലയിൽ പ്രയോഗിക്കണമെന്നാണ് കൃഷിവകുപ്പിന്റെ നിർദ്ദേശം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുമരകം കൃഷി ഓഫീസർ ബി.സുനാൽ പറഞ്ഞു. ഇതോടെ ജല മലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളും ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.