മുണ്ടക്കയം: പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചെന്നാപ്പാറ, കൊമ്പുകുത്തി മേഖലയിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാവിലെ എട്ടുമണിയോടെ എസ്റ്റേറ്റിൽ ടാപ്പിംഗ് നടത്തുന്നതിനിടെ തൊഴിലാളിയായ ബിന്ദുവാണ് പുലിയെ കണ്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തോട്ടംതൊഴിലാളിയായ ഓംകാരത്തിൽ മോഹനനാണ് ആദ്യം പുലിയെ കാണുന്നത്. അന്ന് തലനാരിഴയ്ക്കാണ് പുലിയുടെ ആക്രമണത്തിൽ നിന്നും ഇയാൾ രക്ഷപ്പെട്ടത്. പിന്നീട് ശനിയാഴ്ച രാത്രി ചെന്നാപ്പാറ ബി ഡിവിഷനിൽ താന്നി ചുവട്, കൊക്ക ഭാഗം എന്നിവിടങ്ങളിലാണ് വീണ്ടും പുലിയെ കണ്ടതായി പരിസരവാസികൾ പറയുന്നത്. വെള്ളിയാഴ്ച രാത്രി എസ്റ്റേറ്റ് ഫീൽഡ് ആഫീസർ എം.എസ് റജിയുടെ ക്വാർട്ടേഴ്‌സിന്റെ സിറ്റൗട്ടിൽ പുലിയെത്തിയിരുന്നു. സിറ്റൗട്ടിൽ കിടന്ന വളർത്തുനായയെ പുലി ആക്രമിക്കുകയും ചെയ്തിരുന്നു. മേഖലയിലെ വളർത്തുമൃഗങ്ങളെ വ്യാപകമായി പുലി ആക്രമിച്ച് കൊല്ലുന്നത് പതിവായിട്ടുണ്ട്. മേഖലയിൽ പുലിയുടെ സാന്നിധ്യം പതിവായതോടെ ജീവൻ പണയം വച്ച് കഴിയേണ്ട ഗതികേടിലാണ് തോട്ടം തൊഴിലാളികളും സാധാരണക്കാരും. പുലിയുടെ സാന്നിധ്യം തിരിച്ചറിയുവാനായി ഏതാനും ദിവസങ്ങൾക്കു മുമ്പ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കാമറകൾ സ്ഥാപിച്ചെങ്കിലും മതിയായ വിവരങ്ങൾ ലഭിച്ചില്ല.
പ്രതിഷേധം ശക്തം
വനംവകുപ്പ് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധിച്ചു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പെരുവന്താനം, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. എന്നാൽ കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് എന്നാണ് വനം വകുപ്പ് അധികാരികൾ പറയുന്നത്.