പാലാ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാലാ ജനറൽ ആശുപത്രിയിൽ ജീവനക്കാർക്കായി ഇന്റർവ്യൂ നടത്തിയ സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പാലാ ജനറൽ ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ഫെബ്രുവരി 1ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിഷയത്തിൽ പാലാ പൗരസമിതി പ്രസിഡന്റ് പി. പോത്തൻ ആരോഗ്യവകുപ്പ് മന്ത്രിക്കും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.
പാലാ ജനറൽ ആശുപത്രിയുടെ മൂന്നാം നിലയിലെ കുടുസുവരാന്തയിൽ ഉദ്യോഗാർത്ഥികളെ കുത്തിനിറച്ചുകൊണ്ട് ഇന്റർവ്യൂ പ്രഹസനം നടത്തിയത് കഴിഞ്ഞ 31നായിരുന്നു. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും ആർ.എം.ഒയുടെയും നേതൃത്വത്തിലായിരുന്നു നിയമലംഘനം. എന്നാൽ ആശുപത്രി സൂപ്രണ്ടോ ആശുപത്രിയുടെ വികസനകാര്യങ്ങൾ ശ്രദ്ധിക്കുന്ന ആർ.എം.ഒ. ഡോ. അനീഷ് കെ. ഭദ്രനോ ആശുപത്രിയുടെ ചുമതലയുള്ള നഗരസഭ പ്രതിനിധികളോ ഇന്റർവ്യൂബോർഡിൽ ഉണ്ടായിരുന്നില്ല.
ജനറൽ ആശുപത്രിയിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർമാരുൾപ്പെടെ 11 തസ്തികകളിലേക്കാണ് താത്ക്കാലിക നിയമനത്തിന് ഇന്റർവ്യൂ നടത്തിയത്. രണ്ട് ദിവസം മുമ്പ് പത്രവാർത്ത കൊടുത്തുകൊണ്ടായിരുന്നു ഇന്റർവ്യൂ പ്രഹസനം.
കൊവിഡ് ബ്രിഗേഡ് ലിസ്റ്റിൽ നിന്നും പുനർനിയമനം നൽകുന്നുവെന്നായിരുന്നു അഭിമുഖത്തിൽ കാണിച്ചിരുന്നത്. ഇതിനായി കൊവിഡ് ബ്രിഗേഡ് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും മറ്റനുബന്ധ രേഖകളുമായി പങ്കെടുക്കാനായിരുന്നു നിർദ്ദേശം.
തടിച്ചുകൂടിയത് 200 പേർ
ഡോക്ടർമാർ, നഴ്‌സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ലാബ് ടെക്‌നീഷ്യൻ, നഴ്‌സിംഗ് അസിസ്റ്റൻ, ക്ലീനിംഗ് സ്റ്റാഫ്, എക്‌സ്രേ ടെക്‌നീഷ്യൻ, ഫാർമസിസ്റ്റുമാർ ഉൾപ്പെടെ 200ഓളം പേരാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ തടിച്ചുകൂടിയത്.