
കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരമ്മയ്ക്ക് ദൈവം നൽകിയ സമ്മാനം, ഒറ്റ പ്രസവത്തിൽ നാല് കൺമണികൾ. അതിരമ്പുഴ ഉള്ളാട്ടുപറമ്പിൽ സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണ് നാല് കുരുന്നുകൾക്ക് ജൻമം നൽകിയത്.
വിവാഹം കഴിഞ്ഞ് 15 വർഷത്തിനുശേഷമാണ് 42 കാരിയായ പ്രസന്നകുമാരി കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. ഹരീഷ് ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ചികിത്സയിലൂടെ ഗർഭിണിയായത്. 32-ാമത്തെ ആഴ്ചയിൽ 4 കുട്ടികളെയും സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുക്കാനായി. 1.48 , 1.28 , 1.12 , 0.80 കിലോഗ്രാം വീതമാണ് കുഞ്ഞുങ്ങളുടെ തൂക്കം. കുട്ടികൾക്ക് ഒരു ദിവസത്തെ വെന്റിലേറ്റർ സഹായം മാത്രമേ ആവശ്യമായി വന്നുള്ളൂ. നിയോ നാറ്റോളജിസ്റ്റ് ഡോ. സാജൻ തോമസ്, ഡോ. ദീപ, ഡോ. ബ്ലെസി എന്നീ ഡോക്ടർമാരുടെ ശ്രദ്ധാപൂർണമായ പരിചരണത്താൽ നാല് കുഞ്ഞുങ്ങളും അമ്മയും ഇന്നലെ ആശുപത്രി വിട്ടു. ഈ അപൂർവ സംഭവത്തിന്റെ സന്തോഷത്തിൽ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ കാരിത്താസ് ആശുപത്രി സൗജന്യമാക്കി.