പാലാ: നാഗസ്വര കലയുടെ ഉപാസകനായി എട്ടു പതിറ്റാണ്ട് പൂർത്തിയാക്കിയാണ് പ്രമുഖ നാഗസ്വര വിദ്വാൻ കിടങ്ങൂർ ബാലകൃഷ്ണപ്പണിക്കർ
കലാലോകത്തോട് വിട പറഞ്ഞത്. പ്രായത്തിന്റെ അവശതകൾ മറന്ന് കഴിഞ്ഞ മാസവും അദ്ദേഹം
ഉത്സവവേദിയിൽ എത്തിയിരുന്നു. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ജനുവരിയിൽ നടന്ന ഉത്സവത്തിലാണ് അവസാനമായി കീർത്തനങ്ങൾ വായിച്ചത്. കലാപാരമ്പര്യമുള്ള കുടുംബമായിരുന്നു ബാലകൃഷ്ണപ്പണിക്കരുടേത്. കിടങ്ങൂർ വല്യവാര്യത്ത് നീലകണ്ഠ വാര്യരുടെയും ലക്ഷ്മിയമ്മയു
ടെയും മകനായാണ് ജനനം. അച്ഛൻ നാടക നടനും ഗായകനുമായിരുന്നു. കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും വാദ്യപ്പുരയുമാണ്
ബാലകൃഷ്ണപ്പണിക്കരുടെ കലാവാസനയ്ക്ക് പ്രചോദനം. അച്ഛന്റെ സംഗീത ജ്ഞാനവും ക്ഷേത്രത്തിന് സമീപത്തെ
താമസവും കലാ പ്രവേശനത്തിൽ അദ്ദേഹത്തിന് പ്രേരണയായി. കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നാഗസ്വരവാദകനായിരുന്ന മൂവാറ്റുപുഴ പരമേശ്വര പിള്ളയായിരുന്നു ആദ്യ ഗുരു. പിന്നീട് അമ്പലപ്പുഴ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ശങ്കരനാരായണപ്പണിക്കർ,
ഗോപാലകൃഷ്ണപ്പണിക്കർ എന്നിവരുടെ കീഴിലും തുടർന്ന് നാഗസ്വര ചക്രവർത്തി വീരു സ്വാമി പിള്ള(വീരാച്ചാമി)യുടെ കീഴിൽ ഒമ്പത് വർഷം ഗുരുകുല സമ്പ്രദായത്തിലും പഠനം നടത്തി. നാഗസ്വര കല പ്രിയ ശിഷ്യനിൽ ഭദ്രമാണെന്ന് ബോധ്യമായതോടെ ഗുരുനാഥൻ വീരുച്ചാമിതന്നെ കിടങ്ങൂർ ശ്രീമുരുക
ക്ഷേത്രത്തിൽ ബാലകൃഷ്ണനെതിരിച്ചെത്തിക്കുകയായിരുന്നു. ആദ്യനിയമനവും അവിടെത്തന്നെ. പിന്നീട് ദേവസ്വം ബോർഡ് ജീവനക്കാരനായി 30 വർഷം. അതിൽ 29 വർഷവും ളാലം മഹാദേവക്ഷേത്രത്തിൽ തന്നെ സേവനമനുഷ്ഠിച്ചു. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വടയാർ ഇളങ്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലും ജോലിനോക്കി. കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ ദർശന ദിനാഘോഷത്തിന്റെ തുടക്കം മുതൽ ഇക്കഴിഞ്ഞ വർഷം വരെ തുടർച്ചയായി കിടങ്ങൂർ ബാലകൃഷ്ണപ്പണിക്കരുടെ നാഗസ്വരമാണ് ചടങ്ങിനെ മംഗളമാക്കിയിരുന്നത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം,
പൂവരണി മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ആനിക്കാട് തെക്കുംതല ദേവീക്ഷേത്രം തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിൽ നാഗസ്വരം വായിക്കാനെത്തിയിരുന്ന അദ്ദേഹത്തിന് ആരാധക സമ്പത്തും ഏറെയുണ്ട്. കിടങ്ങൂർ ദേവസ്വം തൃക്കടങ്ങൂരപ്പൻ പുരസ്‌കാരം ഏർപ്പെടുത്തിയപ്പോൾ
പ്രഥമ പുരസ്‌കാരം ബാലകൃഷ്ണപ്പണിക്കർക്കായിരുന്നു.