ഇളങ്ങുളം:വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി അംഗീകാരങ്ങൾ നേടിയതിന്റെ അഭിമാനത്തിലാണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഏതുകാര്യത്തിനായാലും പഞ്ചായത്ത് ഓഫീസിലെത്തുന്നവർക്ക് ആദ്യം ഒരു ചായകുടിക്കാം ഒപ്പം ഒരു ചെറുകടിയും. അതുകഴിഞ്ഞിട്ടാകാം ബാക്കി കാര്യങ്ങൾ എന്നാണ് പ്രസിഡന്റ് എസ്.ഷാജി പറയുന്നത്.അധികാരസ്ഥാനങ്ങളൊന്നുമില്ലെങ്കിലും ദുരിതമനുഭവിക്കുന്നവർക്കൊപ്പം അവരുടെ ആവശ്യങ്ങൾക്കായി പോരാടിയ ചരിത്രമാണ് ഷാജിയുടേത്.അതുകൊണ്ടുതന്നെ ആധികാരികമായി പാവങ്ങളെ സഹായിക്കാനുള്ള അവസരമാണ് ഷാജിക്ക് പ്രസിഡന്റ് സ്ഥാനം. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനസേവനത്തിനായി ഒറ്റ മനസോടെ പ്രവർത്തിക്കുന്ന ഒരു ടീമാണ് എലിക്കുളം പഞ്ചായത്ത് ഭരണസമിതി.

കർഷകരും തൊഴിലാളികളുമാണ് ജനസംഖ്യയിലധികവും.റബർ വിലയിടിവിൽ പ്രതിസന്ധിയിലായ കർഷകരേയും തൊഴിലാളികളേയും സംരക്ഷിക്കാൻ റബർതോട്ടത്തിൽ ഇടവിളകൃഷിക്ക് സഹായമെത്തിച്ചു. റബർമരങ്ങൾക്കിടയിൽ മത്സ്യക്കുളങ്ങളും കോഴിഫാമുകളും തേനീച്ചക്കൂടുകളുമായി. പലവഴിക്കുള്ള ആദായം കടക്കെണിയിലായ കർഷകർക്കും തൊഴിലാളികൾക്കും ആശ്വാസമായി.കാർഷിക കർമ്മസേനയും കിസാൻ ഹെൽപ്പഡസ്‌കും സജീവമായി. തരിശായി കിടന്ന 40 ഏക്കർ പാടത്ത് നെൽകൃഷി തുടങ്ങി എലിക്കുളം റൈസ് എന്ന പേരിൽ ബ്രാൻഡഡ് അരി വിപണിയിലിറക്കി.
പച്ചക്കറി കൃഷിക്കായി 500 വീടുകളിൽ ഗ്രോബാഗുകളെത്തിച്ചു. മുട്ടഗ്രാമം പദ്ധതിപ്രകാരം ഓരോ വീട്ടിലും കോഴിക്കുഞ്ഞുങ്ങളെ നൽകി. ആന്ധ്രയിൽ നിന്നെത്തിച്ച അതിവേഗ വളർച്ചയുള്ള പോത്തിൻകുട്ടികളെ കർഷകർക്ക് വതരണം ചെയ്തു.സ്‌കൂളുകളിൽ കാർഷിക ക്ലബ് തുടങ്ങി. സമ്പൂർണ ജൈവഗ്രാമപഞ്ചായത്തിനുള്ള ജില്ലാതല പുരസ്‌കാരം എലിക്കുളം ഗ്രാമപഞ്ചായത്തിന് ലഭിച്ചു.

വയോജനങ്ങൾക്കായി മൂന്നു പകൽവീടുകൾ.അവർക്കുമാത്രമായി പ്രത്യേക ഗ്രാമസഭ.ബാലസൗഹൃദ പഞ്ചായത്തിൽ കുട്ടികളുടെ ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനും പദ്ധതികൾ. കാൻസർ, കിഡ്‌നി കെയർ പദ്ധതിയിലൂടെ രോഗികൾക്ക് സൗജന്യ ഡയാലിസിസ്. 52 ഗ്രാമീണറോഡുകളുടെ നവീകരണത്തിന് നടപടികളായി. ലൈഫ് എന്ന പേരിൽ എലിക്കുളത്തിന്റേതായി ചാനൽ തുടങ്ങി. മാലിന്യസംസ്‌കരണത്തിന് ഫലപ്രദമായ പദ്ധതികൾ നടപ്പിക്കുന്നു.

വഴിയോര വിശ്രമകേന്ദ്രങ്ങൾ

ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം പൊൻകുന്നം പാലാഹൈവേയിൽ 46 ലക്ഷംരൂപ മുടക്കി രണ്ട് വഴിയോര വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങുന്നു. കോഫിഷോപ്പ്, ടോയ്‌ലറ്റ് കോംപ്ലക്‌സ് ,ശബരിമല സീസണിൽ അയ്യപ്പന്മാർക്ക് വിരിവെച്ച് വിശ്രമിക്കുന്നതിന് സൗകര്യം ഇവയെല്ലാമാണ് ഇവിടെ ഒരുക്കുന്നത്. ജലജീവൻ പദ്ധതിയിലൂടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് നടപടി തുടങ്ങി. പ്രഖ്യാപിക്കുന്ന പദ്ധതികൾ അതിവേഗം നടപ്പാക്കുക എന്നതാണ് എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ രീതി.

ചിത്രം-എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി.
#എലിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരം.