fruit

കോട്ടയം: വേനൽച്ചൂടിന് കാഠിന്യമേറിയതോടെ പഴം വിപണിയും പൊള്ളുന്നു. പപ്പായ മുതൽ ഡ്രാഗൺഫ്രൂട്ട് വരെ വിപണിയിലുണ്ട്. സീസൺ ആകാത്തതിനാൽ മാമ്പഴം മാത്രമാണ് ഇല്ലാത്തത് . ഡിമാൻഡ് കൂടിയതോടെയാണ് വിലയും കൂടിയത്.

മുൻപൊക്കെ ഓറഞ്ച്, ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ എന്നിവയിൽ ഒതുങ്ങി നിന്നിരുന്ന പഴം വിപണിയിൽ ഇപ്പോൾ വിദേശ പഴങ്ങളുടെ ആധിപത്യമാണ്. ഓറഞ്ചിന്റെ സീസൺ തീരാറായതോടെ വില വർദ്ധിച്ചു. 80 രൂപ വരെയാണു ചില്ലറ വില. ഒരു മാസം മുമ്പ് 100 രൂപയ്ക്കു രണ്ടു കിലോ കിട്ടിയിരുന്നു. ഇറക്കുമതി ആപ്പിളിന്റെ ചില്ലറ വില 260 രൂപ വരെയാണ്. . കറുത്ത മുന്തിരിയ്‌ക്കൊപ്പം പച്ച മുന്തിരിയും ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്. എന്നാൽ നേരിട്ട് വിഷം അടിച്ചു കൊണ്ടുവരുന്ന മുന്തിരി വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്നു.

വേനൽക്കാലത്ത് ഏറ്റവും കുടുതൽ വിറ്റു പോകുന്ന തണ്ണിമത്തന്റെ വില 20 രൂപയായി. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുന്നതോടെ വില കുറയുമെന്ന് വ്യാപാരികൾ പറഞ്ഞു.
പൈനാപ്പിൾ മാത്രമാണ് പൂർണമായി പ്രാദേശിക കൃഷിയിടങ്ങളിൽ നിന്നുമെത്തുന്നത്. എല്ലാ, വീടുകളിലും പപ്പായ മരമുണ്ടെങ്കിലും വിപണിയിലെത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്. വാഴപ്പഴങ്ങളിൽ പാളയംകോടനെ മാത്രമാണ് വ്യാപാരികൾ പ്രാദേശിക വിപണിയിൽ നിന്ന് ആശ്രയിക്കുന്നത്. ഏത്തപ്പഴം എത്തുന്നത് മൈസൂരിൽ നിന്നാണ്.

 വിലയിങ്ങനെ

ഓറഞ്ച് 70

സിംല ആപ്പിൾ 200

മുന്തിരി 100

പപ്പായ 30

പൈനാപ്പിൾ 30

മാതളത്തിന് 100

അവക്കാഡോ 250

പേരക്കായ്ക്ക 80

പാളയം കോടൻ 20

ഞാലിപ്പൂവൻ 40

ഏത്തപ്പഴം 40

ഒാറഞ്ചും തണ്ണിമത്തനുമാണ് വേനൽചൂടിനെ നേരിടാൻ പൊതുവെ ആളുകൾ വാങ്ങുന്നത്. വില കുറവാണെന്നതും ആകർഷണമാണ്.

- ജോജോ, വ്യാപാരി