john

പാലാ : മുൻ ദേശീയ വോളിബാൾ താരവും കേരള ടീം ക്യാപ്ടനുമായിരുന്ന പാലാ തയ്യിൽ വി.സി.ജോൺ (ജോണച്ചൻ - 59) നിര്യാതനായി. ഹൃദയാഘാതംമൂലം ഇന്നലെയായിരുന്നു അന്ത്യം.

ദീർഘകാലം കെ.എസ്.ഇ.ബി വോളിബാൾ താരമായും കോച്ചായും പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്തിനു വേണ്ടി തുടർച്ചയായി ഒൻപത് വർഷം കളിച്ച ജോൺ ദേശീയ ഗെയിംസ് സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു. പാലായിലെ പ്രമുഖ വോളിബാൾ പ്രേമിയായ തയ്യിൽ വി.ഐ. ചാക്കോയുടെയും തങ്കമ്മയുടെയും 12 മക്കളിൽ പതിനൊന്നാമനായി 1962ലാണ് ജോൺ ജനിച്ചത്. പാലാ സെന്റ് തോമസ് ഹൈസ്‌കൂളിന്റെ കായികമുറ്റത്ത് വോളിബാൾ തട്ടിത്തുടങ്ങി. സ്‌കൂൾ പഠനകാലത്ത് കൽക്കത്തയിൽ നടന്ന മിനി നാഷണൽ വോളിബോളിൽ കേരളത്തിനുവേണ്ടി കുപ്പായമണിഞ്ഞു. തുടർന്ന് മൂന്ന് തവണ ജൂനിയർ നാഷണൽ ടീമിലും രണ്ട് തവണ യൂത്ത് നാഷണൽ ടീമിലും അംഗമായി.
പാലാ സെന്റ് തോമസ് കോളേജിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും വർക്കല എസ്.എൻ. കോളേജിൽ ഡിഗ്രി വിദ്യാഭ്യാസവും പൂർത്തിയാക്കി. ഈ കാലയളവിൽ കേരള യൂണിവേഴ്‌സിറ്റി വോളിബോൾ ടീം ക്യാപ്ടനുമായിരുന്നു. പിന്നീട് തുടർച്ചയായി 9 വർഷക്കാലം കേരള ടീമിൽ അംഗമായിരുന്നു. ഇന്ത്യ- റഷ്യ ടെസ്റ്റ് മാച്ചിൽ രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

തൃക്കൊടിത്താനം പതാരംചിറയിൽ എൽസമ്മയാണ് ഭാര്യ. ശില്പ ജോൺ, ചാക്കോ ജോൺ എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവലയത്തിൽ.

വി.സി. ജോണിന്റെ നിര്യാണത്തിൽ മന്ത്രി വി.എൻ. വാസവൻ,ജോസ് കെ. മാണി എം.പി, മുൻ വോളി താരം കൂടിയായ മാണി സി. കാപ്പൻ എം.എൽ.എ തുടങ്ങിയവർ അനുശോചിച്ചു.