vava-suresh

കോട്ടയം: മരണമുനമ്പിൽ നിന്നാണ് വാവ സുരേഷിനെ ഡോക്ടർമാർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആശുപത്രിയിലേക്ക് പോകുംവഴി ബോധം മറയും മുൻപ് രക്ഷപ്പെടാനിടയില്ലെന്ന് വാവ ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. ദൈവകൃപയാൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അശ്രാന്ത പരിശ്രമത്തിലൂടെ പൂർണ ആരോഗ്യവാനായി അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. കൃത്യമായ സമയത്ത് നൽകിയ വിദഗ്ദ്ധ ചികിത്സയാണ് അതിനു കാരണമായത്.

കടിയേറ്റ ശേഷം മെഡിക്കൽ കോളേജിലെക്ക് കൊണ്ടുപോകുംവഴി വാവ ഛർദ്ദിക്കുകയും ബോധരഹിതനാകുകയും ചെയ്തപ്പോൾ ഏറ്റവും അടുത്തുള്ള ഭാരത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടത്തെ കാർഡിയോളജി ഡോക്ടർമാർ അടിയന്തരമായി പ്രാഥമിക ശുശ്രൂഷ നൽകിയിട്ടാണ് മെഡിക്കൽ കോളേജിലേക്ക് വിട്ടത്. രാത്രിയോടെ വാവയുടെ ശരീരം മരുന്നിനോട് പ്രതികരിക്കാൻ തുടങ്ങിയത് ഭാരത് ആശുപത്രിയിൽ നൽകിയ ഹൃദയധമനികളുടെ പുനർ-ഉത്തേജനത്തിന്റെ (സി.പി.ആ‌ർ) ഫലമാണെന്ന് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. കെ.ജയപ്രകാശ് പറഞ്ഞു. മെഡിക്കൽ കോളേജിലാകട്ടെ സൂപ്രണ്ടിന്റെയും ആറ് വകുപ്പു മേധാവികളുടെയും നേതൃത്വത്തിൽ ലഭിച്ച പരിചരണവും ചികിത്സയും സമാനതകളില്ലാത്തതായിരുന്നു. പാമ്പുകടിയേറ്റ ഒരാൾക്ക് സാധാരണ നൽകുന്ന 25 കുപ്പി ആന്റിവെനത്തിനു പകരം 65 കുപ്പിയാണ് വാവയ്ക്ക് നൽകിയത്. പാമ്പിന്റെ വിഷം അത്രമേൽ ശരീരത്തിലേക്ക് കടന്നിരുന്നു. 75 മണിക്കൂറാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വാവ കഴിഞ്ഞത്. ബോധം തെളിഞ്ഞ ശേഷം ഡോക്ട‌ർമാരുടെ നിർദ്ദേശങ്ങൾ കൃത്യമായി അനുസരിച്ചുവെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ പറഞ്ഞു.

ആരോഗ്യം പൂർണമായി വീണ്ടെടുത്തുവെന്ന് മെഡിക്കൽ ബോർഡ് ചേർന്ന് വിലയിരുത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. പാമ്പ് കടിച്ച ഭാഗത്തെ മുറിവ് ഉണങ്ങാനുള്ള ആന്റിബയോട്ടിക്കുകൾ തുടരുന്നുണ്ട്.
ജനുവരി 31 ന് കോട്ടയം കുറിച്ചി പാട്ടാശ്ശേരി പാടഭാഗത്തു വച്ചാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്.