പാലാ: വർഷം1985. വേദിയിലെ ഡൽഹി ദേശീയ ഗെയിംസിലെ വോളിബാൾ ഫൈനൽ. ഹരിയാനയും കേരളവും തമ്മിൽ ഇഞ്ചോടിഞ്ചുള്ള പോരാട്ടം. പാലാക്കാരനായ വി.സി. ജോൺ കൊടുത്ത ലിഫ്റ്റിൽ ജോൺസൺ ജേക്കബിന്റെ തകർപ്പൻ സ്മാഷ്. ഹരിയാനയെ തകർത്ത് കേരളത്തിന് വിജയം!.ദേശീയ ഗെയിംസിൽ കേരളം ആദ്യമായും അവസാനമായും നേടിയ വോളിബാൾ സ്വർണം പിറവിയെടുത്തത് അങ്ങനെയാണ്. ആ ടീമിലെ സെറ്ററായിരുന്ന വി.സി. ജോൺ എന്ന 'ജോണച്ചൻ ' ഇന്നലെ ഓർമ്മയായി. ആ ഒരു കളിയിൽ മാത്രമല്ല കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ളബ് മത്സരങ്ങളിലും സംസ്ഥാനത്തിനുവേണ്ടിയും പിന്നെ ഇന്ത്യയ്ക്കുവേണ്ടിയും കുപ്പായമണിഞ്ഞ ഒന്നാംതരം വോളിബോൾ താരമായിരുന്നു വി.സി. ജോൺ. വോളിബാളിൽ പാലായുടെ വെള്ളിനക്ഷത്രം!
വോളിബാളിന്റെ ഈറ്റില്ലമായ പാലായിൽ നിന്നും ബാലപാഠങ്ങൾ പഠിച്ച് കളിക്കാരനായും പരിശീലകനായും ഉദിച്ചുയർന്ന വി.സി. ജോൺ 59-ാം വയസിലാണ് യാത്രയായത്. ഒരു കാലഘട്ടത്തിൽ 'പാലാ സിക്‌സസ് 'എന്നുപറഞ്ഞാൽ അത് ജോണും ആറുസഹോദരങ്ങളുമായിരുന്നു. വി.സി. മാത്തുക്കുട്ടി, വി.സി. ജോസഫ്, വി.സി. രാജു, വി.സി. ജെയിംസ്, വി.സി. പ്രിൻസ്, വി.സി. തോമസ് സഹോദരങ്ങൾ ചേർന്ന പാലാ സിക്‌സസ് കേരളത്തിലെ എത്രയോ ടൂർണ്മെന്റുകളിൽ ആയി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.
1983ൽ കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം നിരവധി ട്രോഫികൾ നേടിക്കൊടുത്തു. 1985 ൽ കെ.എസ്.ഇ.ബിയിലെത്തി. 95 വരെ കെ.എസ്.ഇ.ബി. ടീമിലെ പ്രധാന കളിക്കാരനായിരുന്നു. ജോൺസൺ ജേക്കബും ജോസ് കാക്കനാടനും ഗോപാലകൃഷ്ണനും അൻവർ ഹുസൈനും കെ.വി. ഫിലിപ്പും ഉൾപ്പെടുന്ന കെ.എസ്.ഇ.ബി ടീമിൽ ആരെയും ആകർഷിക്കുന്ന പ്രകടനമാണ് പാലായുടെ സ്വന്തം ജോണച്ചൻ നടത്തിയത്.
1992-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ നിന്നും ഡിപ്ലോമാ കരസ്ഥമാക്കി. പിന്നീട് പരിശീലകനായി. 1992ൽ ബാംഗ്ലൂരിൽ നടന്ന നാഷണൽ ഗെയിംസിൽ കിരീടം നേടിയ വനിതാ വോളി ടീമിന്റെ പരിശീലകനായിരുന്നു. നിരവധി തവണ സംസ്ഥാന യൂത്ത് ടീമിന്റെ കോച്ചായും സേവനമനുഷ്ഠിച്ചു. 95 മുതൽ 2017 വരെ കെ.എസ്.ഇ.ബിയുടെ പരിശീലകൻ എന്ന നിലയിലും ശോഭിച്ചു. 2017ൽ പടിയിറങ്ങുംവരെ ഇന്ത്യയിലെ ഒന്നാംനമ്പർ ടീമുകളിലൊന്നായി കെ.എസ്.ഇ.ബിയെ നിലനിർത്താൻ ജോണിന് സാധിച്ചു.