cheeyapara


അടിമാലി: മൺസൂൺ കാലത്ത് കാഴ്ച്ചയുടെ വിരുന്നൊരുക്കിയിരുന്ന ചീയപ്പാറ വെള്ളച്ചാട്ടം വേനലിന്റെ കാഠിന്യമേറിയതോടെ വറ്റി വരണ്ടു.ഉയരമേറെയുള്ള പാറക്കെട്ടുകളിൽ നിന്ന് ചിതറി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അടുത്ത്കാണാനുള്ള അവസരമാണ് ചീയപ്പാറ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ കാരണമാകുന്നത്.മഴക്കാലത്ത് ഇതുവഴി എത്തുന്നവർ ചീയപ്പാറവെള്ളച്ചാട്ടത്തിന്റെ വശ്യതയും വന്യതയും കണ്ടാസ്വദിക്കാതെ കടന്ന് പോകാറില്ല.പക്ഷെ മഴമാറി വേനൽ ഉഗ്രരൂപിയായി തുടങ്ങിയതോടെ അടയാളമൊന്നും ബാക്കി വയ്ക്കാതെ ചീയപ്പാറവെള്ളച്ചാട്ടം വറ്റിവരണ്ട് കഴിഞ്ഞു.ആദ്യമായി ഇതുവഴി കടന്നു പോകുന്നവരോട് ഇവിടെ ഇങ്ങനെയൊരു ജലപാതമുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്തവിധം മാറി.മുൻകാലങ്ങളിലെന്നപോലെ ജലപാതം അപ്രത്യക്ഷമായതോടെ സഞ്ചാരികൾ പൂർണ്ണമായി ചീയപ്പാറയെ കൈയ്യൊഴിഞ്ഞ് കഴിഞ്ഞു.വീണ്ടും ജലസമൃദ്ധിയുടെ നല്ലനാൾ കാത്തിരിക്കുന്ന പാറക്കെട്ടും, വെയിലും മഴയുമൊന്നും കൂസാതെ ചീയപ്പാറയെ സജീവമാക്കുന്ന വാനരൻമാരും മാത്രമാണിപ്പോൾ ചീയപ്പാറയുടെ പകൽ കാഴ്ച്ചകൾ.