
പാലാ: ഭർത്താവിനെ മാനസിക രോഗത്തിനുള്ള മരുന്ന് കൊടുത്ത് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രതി മീനച്ചിൽ പാലാക്കാട് സതീമന്ദിരത്തിൽ ആശാ സുരേഷിനെ പൊലീസ് കസ്റ്റഡിൽ വാങ്ങി. ഭർത്താവ് സതീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആശയെ പാലാക്കാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാനസിക രോഗത്തിന് നൽകുന്നതെന്ന് കരുതുന്ന മരുന്നു കുപ്പിയും മറ്റ് തെളിവുകളും കണ്ടെടുത്തു. മരുന്നു കുപ്പി തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ അയച്ചു കൊടുക്കും. തുടർന്ന് ശാസ്ത്രീയ തെളിവുകളും കണ്ടെത്തും. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ.