
കോട്ടയം: ശിൽപഭംഗിയിലും മിന്നും ഇനി സി.എം.എസ് കോളേജ്. കാമ്പസിൽ ഒരുങ്ങുന്ന ശിൽപോദ്യാനത്തിലേക്കുള്ള ഏഴ് ശിൽപങ്ങൾ പൂർത്തിയായിവരുന്നു. പ്രസിദ്ധരായ ആറ് ശിൽപികളും മൂന്നോളം സഹായികളും ഉൾപ്പെടുന്ന സംഘത്തിന്റെ 20 ദിവസത്തെ ക്യാമ്പാണ് നടക്കുന്നത്. കന്യാകുമാരി ജില്ലയിലെ മയിലാടിയിൽ നിന്നെത്തിച്ച കൃഷ്ണശിലയിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. ജോൺസൺ, അജയൻ കാട്ടുങ്കൽ, ഹർഷ, ചിത്ര, സനിൽ കുട്ടൻ തുടങ്ങിയ ശിൽപികളാണ് പണിപ്പുരയിലുള്ളത്.
സി.എം.എസ് കാമ്പസിന്റെ പൈതൃകവും വിദ്യാഭ്യാസമികവും അടിസ്ഥാനമാക്കിയാണ് ശിൽപ നിർമാണം. ലോകപ്രസിദ്ധ ശിൽപിയും കോട്ടയം സ്വദേശിയുമായ കെ.എസ്. രാധാകൃഷ്ണന്റെ 22 അടി ഉയരം വരുന്ന നിർമിതിയാണ് ഏറ്റവും ശ്രദ്ധേയം. കൊൽക്കത്തയിലെ ശാന്തിനികേതനിലാണ് ഈ ശിൽപം നിർമിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഇവിടെയെത്തിക്കും.
' കേരളത്തിലെ കോളേജുകളിൽ ആദ്യമായാണ് ഇത്തരമൊരു ശിൽപോദ്യാനം നിർമിക്കുന്നത്. . എല്ലാ കലകളുടെയും ഇരിപ്പിടം എന്നാണ് സർവകലാശാല എന്ന വാക്കിന്റെ അർത്ഥം. അക്കാഡമിക് പഠനത്തിനൊപ്പം കലകൾക്കും പ്രാധാന്യം നൽകുകയെന്നതാണ് ലക്ഷ്യമാക്കുന്നത്.
- പ്രൊഫ. വർഗീസ് സി. ജോഷ്വാ, പ്രിൻസിപ്പൽ