എട്ട് പതിറ്റാണ്ട് പിന്നിട്ട ധർമ്മാശുപത്രിയുടെ കെട്ടിടം പൊളിച്ചുനീക്കുന്നു

പാലാ: ഒരുപാട് പേർക്ക് ജീവിതം തിരിച്ചുകൊടുത്ത പാലാ 'ധർമ്മാശുപത്രിയുടെ ' ചരിത്രം പേറുന്ന മന്ദിരം പൊളിച്ചുനീക്കുന്നു. ഇപ്പോഴത്തെ ജനറൽ ആശുപത്രിയുടെ തുടക്കകാലഘട്ടത്തിൽ ആദ്യമായുണ്ടായിരുന്ന കെട്ടിടമാണിപ്പോൾ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുവേണ്ടി പൊളിച്ചു നീക്കുന്നത്.
ഇതൊരു ചരിത്രമന്ദിരമാണ്. സ്വതന്ത്ര്യം കിട്ടുന്നിനും അഞ്ച് വർഷം മുമ്പ് പാലായിൽ സ്ഥാപിച്ച ധർമ്മാശുപത്രിയുടെ ചരിത്രം പേറുന്ന കെട്ടിടം. ചരിത്രാന്വേഷികൾക്ക് കൗതുകമായി ഇവിടെയൊരു ശിലയുണ്ട് ; ഈ കെട്ടിടം പണിതപ്പോൾ പാകിയ ശില. 1942 ജൂൺ 8ന് ഈ ധർമ്മാശുപത്രിക്ക് ശിലയിട്ടത് 'കാളാശ്ശേരി പിതാവെന്ന ' പേരിൽ പ്രസിദ്ധനായിരുന്ന ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ റവ. ഡോ. ജെയിംസ് കാളാശ്ശേരിയാണ്. മലയാളമാണ്ട് 1117ലാണ് ഈ ശിലാസ്ഥാപനം നടത്തിയതെന്നും കല്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ചരിത്രമന്ദിരത്തിന് ഒരുപാട് പേരുടെ വേദനയുടെയും ആശ്വാസത്തിന്റെയും കഥകൾ പറയാനുണ്ട്. ധർമ്മാശുപത്രി പിന്നീട് താലൂക്ക് ഗവ. ആശുപത്രിയായും 2004 ൽ ജനറൽ ആശുപത്രിയായും ഉയർത്തി. ഇതോടെ പുതിയ 7 നില മന്ദിരം നിർമ്മിക്കുകയും കാളാശേരി പിതാവ് തറക്കല്ലിട്ട് പണിതുയർത്തിയിരുന്ന മന്ദിരത്തിൽ നിന്നും ചികിത്സാവിഭാഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയുടെ ഓഫീസും പാലിയേറ്റീവ്, ഇൻഷുറൻസ്, മെഡിക്കൽ സ്റ്റോർ വിഭാഗങ്ങളുമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
80 വർഷം പിന്നിട്ട കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ ശോച്യാവസ്ഥയിൽ അടർന്ന് വീഴാനും തുടങ്ങിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പഴയ കെട്ടിടങ്ങൾ പൊളിക്കാൻ നഗരസഭ നടപടികൾ സ്വീകരിച്ചത്.

കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ ഭാഗത്ത് സൗകര്യപ്രദവുമായ പാർക്കിംഗ് സൗകര്യം ക്രമീകരിക്കുമെന്ന് ആശുപത്രി മാനേജിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.

ചരിത്രശില സംരക്ഷിക്കും

ഒരു കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്ന ധർമ്മാശുപത്രിക്കായി കാളാശേരി പിതാവ് സ്ഥാപിച്ച ശില സംരക്ഷിക്കുമെന്ന് പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ആശുപത്രി കോമ്പൗണ്ടിൽ വാഹന പാർക്കിംഗിന് ആവശ്യമായ സൗകര്യമൊരുക്കാൻ നടപടി സ്വീകരിച്ച നഗരസഭാ അധികാരികളെ ആശുപത്രി വികസന സമിതിയംഗം ജയ്‌സൺ മാന്തോട്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൗരസമിതി യോഗം അഭിനന്ദിച്ചു.