പാലാ: ജനറൽ ആശുപത്രിയിലെ പഴയ മന്ദിരത്തിൽ നിന്ന് ചില ജീവനക്കാർ ആക്രിസാധനങ്ങൾ അടിച്ചുമാറ്റിയതായി ആരോപണം. എല്ലാം അറിഞ്ഞിട്ടും ആശുപത്രി അധികാരികളും സെക്യൂരിറ്റി ജീവനക്കാരും കൈയുംകെട്ടി നോക്കി നിന്നു. ഇന്നലെ പഴയ കെട്ടിടം പൊളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇവിടെ മന്ദിരത്തിലുണ്ടായിരുന്ന സിലിണ്ടറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഓട്ടോയുമായെത്തിയ ചില ജീവനക്കാർ കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതി. ഇതുകണ്ട് കെട്ടിടം പൊളിക്കാനെത്തിയ തൊഴിലാളികൾ തടയാൻ ശ്രമിച്ചെങ്കിലും ''ഞങ്ങൾ ഇവിടെയുള്ളവരാണെന്ന് ' പറഞ്ഞ് ജീവനക്കാർ സാധനങ്ങളുമായി സ്ഥലം വിടുകയായിരുന്നു. ഇതിനിടെ ജനറൽ ആശുപത്രിയിലെ ഏറെ വിവാദമായ സെക്യൂരിറ്റി ജീവനക്കാരുടെ അധിക്ഷേപം ഇന്നലെയും തുടർന്നു. പഴയമുറിയുടെ ചില വാതിലുകൾ പൂട്ടി ഇവർ താക്കോൽ സൂക്ഷിച്ചിരുന്നു. ഇന്നലെ കെട്ടിടം പൊളിക്കാനെത്തിയവർ ഈ താഴുകൾ ഇടിച്ചു പൊളിച്ച് ഉള്ളിൽ കയറാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരെനെത്തി അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. ജീവനക്കാർ തന്നെ ആശുപത്രിയിലെ പഴയ ഉപകരണങ്ങൾ കടത്തിക്കൊണ്ട് പോകുന്നത് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന്റെ ശ്രദ്ധയിൽ ചിലർ പെടുത്തിയെങ്കിലും കെട്ടിടം പൊളിച്ചുനീക്കാൻ കരാർ കൊടുത്തതാണെന്നും സാധനങ്ങൾ കടത്തികൊണ്ടുപോകുന്നുണ്ടെക്കിൽ അത് തടയേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്നുമായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ മറുപടി.

ആകെ വിവാദം

ഇതിനിടെ കെട്ടിടം പൊളിച്ചുനീക്കാൻ എത്തിയ തൊഴിലാളികൾ ഇത് നീക്കാൻ ശ്രമിക്കവേ ജനറൽ ആശുപത്രി കേന്ദ്രീകരിച്ചുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള ചില തൊഴിലാളികളെത്തി തടയാൻ ശ്രമിച്ചത് വിവാദമായി. ഈ സാധനങ്ങൾ തങ്ങൾ പൊളിച്ച് ലോറിയിൽ കയറ്റിക്കൊള്ളാമെന്നായിരുന്നു ഇവരുടെ വാദം. 1500 രൂപാ നോക്കുകൂലി കൊടുക്കാമെന്ന് കരാറുകാരൻ പറഞ്ഞെങ്കിലും ഇവർ വഴങ്ങിയില്ല. ഒടുവിൽ ചില തൊഴിലാളി നേതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.