പാലാ: കിടങ്ങൂരിലും പരിസര പ്രദേശത്തും കഞ്ചാവ് വില്പന നടത്തിയിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കിടങ്ങൂർ മംഗളാരാം മേലേത്തറപ്പേൽ റൊണാൾഡോ റോയി(20)യെയാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കിടങ്ങൂരിലും പരിസരത്തും ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ ജിതീഷ്, ഗ്രിഗോറിയോസ് ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി. കിടങ്ങൂർ ഭാഗത്ത് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ റൊണാൾഡോ. പ്രദേശത്ത് വരും ദിവസങ്ങളിലും നിരീക്ഷണം തുടരുമെന്ന് പൊലീസ് സംഘം അറിയിച്ചു.