hemanth

കോട്ടയം : ബാബുവിനെ ജീവിതത്തിലേക്ക് ചേർത്ത് പിടിച്ച് ഏറ്റുമാനൂർ സ്വദേശി ലെഫ്.കേണൽ ഹേമന്ദ് രാജ് ഉറക്കെ വിളിച്ചു, ''ഭാരത് മാതാ കീ...'' ,ഒപ്പമുണ്ടായിരുന്നവർ അത് ഏറ്റു വിളിച്ചു. ഇന്നലെ രാത്രി മുഴുവൻ ഊണും ഉറക്കവും ഉപേക്ഷിച്ച് ബാബുവിന് ആത്മവിശ്വാസം പകരാൻ ഹേമന്ദിന്റെ നേതൃത്വത്തിലുള്ള സൈനികരുണ്ടായിരുന്നു. സേനയിലെ മലയാളി സാന്നിദ്ധ്യം കണ്ടപ്പോൾ തനിക്ക് ആർമിയിൽ ചേരണമെന്ന ആഗ്രഹം ബാബു പങ്കു വച്ചു.

ഊട്ടി വെല്ലിംഗ് ടണിലെ മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് ഹേമന്ദടക്കമുള്ള സൈനികർ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30 ന്. ഹെലികോപ്ടറിൽ പറന്നിറങ്ങി ചെറാട് എത്തുമ്പോഴേക്കും ഇരുൾ പരന്നിരുന്നു. രാത്രിയിലെ മലകയറ്റം. രണ്ട് തവണ കയറിയപ്പോഴും മാർഗതടസങ്ങൾ അനവധി. മലയുടെ പിന്നിലൂടെ രക്ഷാ ഉപകരണങ്ങളുമായി അതിസാഹസികമായി വലിഞ്ഞു കയറുകയായിരുന്നുവെന്ന് ഹേമന്ദ് കേരളകൗമുദിയോട് പറഞ്ഞു. രാത്രി ബാബുവിരിക്കുന്ന സ്ഥലത്തിന് സമീപമെത്തി കൂകി വിളിച്ച് പേടിക്കേണ്ടെന്ന് പറഞ്ഞു. വെളിച്ചം വീണതോടെ ബാബുവിനെ രക്ഷിച്ച് മുകളിലെത്തിച്ചു. വെള്ളം മാത്രമായിരുന്നു സൈനികരുടെ ഭക്ഷണം. ഒരു പോള കണ്ണടച്ചില്ല.

ഏറ്റുമാനൂർ തവളക്കുഴി മുത്തുച്ചിപ്പിയിൽ എക്സൈസ് റിട്ട.സർക്കിൾ ഇൻസ്പെക്ടർ ടി.കെ.രാജപ്പൻ - ലതികാബായി ദമ്പതികളുടെ മകൻ ഹേമന്ദ് രാജിന്റെ സേവനം കേരളം തിരിച്ചറിയുന്നത് 2018 ലെ പ്രളയകാലത്താണ്. അവധിക്ക് നാട്ടിലെത്തും വഴി പ്രളയ വാർത്തയറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു. ആർമിയുടെ സൗത്ത് സോൺ ഡിസാസ്റ്റർ മാനേജ്മെന്റ് ചുമതലയുള്ള ഹേമന്ദിന്റെ കരങ്ങളാണ് പെട്ടിമുടിയിലെ ദുരന്ത ഭൂമിയിലും സംയുക്ത കരസേനാ മേധാവിയടക്കമുള്ളവരെ മരണം കവർന്ന കുനൂരിലും രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്നത്. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലും ആർമിയുടെ പ്രത്യേക പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ : ഡോ.തീർത്ഥ തവളക്കുഴിയിൽ ഡെന്റൽ ഹോസ്പിറ്റൽ നടത്തുന്നു. മകൻ: അയൻ.

'' യാതൊരു പരിചയവുമില്ലാത്ത സ്ഥലം. കാശ്മീരിലും അരുണാചലിലുമൊക്കെ സമാനമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ചെങ്കുത്തായ പാറയിലൂടെ കയറുന്നത് ശ്രമകരമായിരുന്നു. ബാബുവിന്റെ മനസാന്നിദ്ധ്യവും തുണച്ചു''.

-ലെഫ്റ്റ്.കേണൽ ഹേമന്ദ് രാജ്