shimshipa

കോട്ടയം : കണ്ണിനു കുളിർമയേകി അശോക വർഗത്തിലെ ശിംശപായും ബ്രൗണിയായും. മാന്തുരുത്തി സ്വദേശി കാരാപ്പള്ളിൽ രാജേഷിന്റെ അലൻ ഗാർഡനിലാണ് അപൂർവയിനത്തിൽപ്പെട്ട ഇവ പൂത്തുലഞ്ഞ് നിൽക്കുന്നത്. പുഷ്പിക്കുന്ന ചെടികളുടെ രാജ്ഞി എന്നാണ് ശിംശപ അറിയപ്പെടുന്നത്. ഓറഞ്ച് നിറത്തിൽ തൂങ്ങിക്കിടക്കുന്ന പൂക്കുലകളാണ് പ്രധാന ആകർഷണം. മഞ്ഞ, വെള്ള നിറങ്ങളും കാണം. ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ശിംശപായുടെ ഇലകൾക്ക് നല്ല പച്ച നിറവും തളിരിലകൾക്ക് ചെമ്പ് നിറവുമാണ്. വേനലിലാണ് പ്രധാന പൂക്കാലം. അഞ്ച് വർഷം കൊണ്ടാണ് പൂവിടുന്നത്. ഇവയുടെ പൂക്കൾ മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ കൊഴിയും.വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും ശിംശപാ വളർത്താം. മ്യാൻമാർ ആണ് ശിംശപായുടെ സ്വദേശം. ബ്രൗണിയായും ശിംശപയും അശോക ഇനത്തിൽപ്പെട്ടവയാണ്. ബ്രൗണിയായുടെ സ്വദേശം ഓസ്‌ട്രേലിയ ആണ്. ഡീപ്പ് ഓറഞ്ച് നിറമാണ് ഇതിന്. പൂച്ചെണ്ടിന്റെ മാതൃകയാണിതിന്. രണ്ട് ദിവസത്തിനുള്ളിൽ പൂക്കൾ കൊഴിയും. 5 വർഷം മുൻപ് പാറശാല ആത്മാനിലയത്തിൽ നിന്നാണ് രാജേഷ് ശിംശപയും ബ്രൗണിയും കൊണ്ടുവന്നത്. ആദ്യമായാണ് ഇവ പൂവിടുന്നത്. സംസ്ഥാനത്ത് ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ ഇവ കാണാറുള്ളൂ.

രാജേഷിന്റെ ഗാർഡനിൽ

12 വർഷമായി വിവിധയിനം ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും ശേഖരവും രാജേഷിനുണ്ട്. വിദേശങ്ങളിൽ നിന്നുള്ള വിവിധ ഫലസസ്യങ്ങളും, വാഴ ഇനങ്ങളും വളർത്തുന്നു. മൂട്ടിപ്പഴം, കാരപ്പഴം,തൊണ്ടിപ്പഴം, കുരണ്ടിപ്പഴം എന്നീ നാടൻ ഫലസസ്യങ്ങളും, വിദേശികളായ റൊളീനിയ ബ്രസീൽ (സീതപ്പഴം മാതൃക), ആബിയു (സപ്പോട്ട മാതൃക), ലബോട്ടികായ ബ്രസീൽ (മരമുന്തിരി), ഡ്രാഗൺ ഫ്രൂട്ട് എന്നിവയും വീട്ടുവളപ്പിലെ ഗാർഡനിലുണ്ട്. ഭാര്യ സുനിയും, മക്കളായ ആൽഫാ, അലൻ എന്നിവർക്കാണ് പരിപാലന ചുമതല.