mm

കോട്ടയം : പാലക്കാട് ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ ജീവൻ രക്ഷിക്കാൻ മുൻനിരയിൽ നിന്ന് നാടിന്റെ അഭിമാനമായ ലെഫ്.കേണൽ ഹേമന്ദ് രാജിന് അഭിനന്ദന പ്രവാഹം. കേന്ദ്രമന്ത്രി വി.മുരളീധരൻ ഹേമന്ദിന്റെ ബന്ധുക്കളെ വീഡിയോകാളിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. മന്ത്രി വി.എൻ.വാസവനും ഹേമന്ദുമായും സംസാരിച്ചു. പൊതുപ്രവർത്തകർ ഹേമന്ദിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആദരിച്ചു.

ദുരുന്ത മുഖത്ത് പലതവണ ഹേമന്ദിന്റെ സാഹസികത കേരളം കണ്ടിട്ടുണ്ട്. 208 ലെ പ്രളയ കാലത്ത് ആരും ആവശ്യപ്പെടാതെയായിരുന്നു രക്ഷാ പ്രവർത്തനം. അന്ന് പൂനെ ഡിഫൻസ് അക്കാഡമിയിലെ ട്രെയിനിംഗ് ഇൻസ്ട്രക്ടറായി പ്രവർത്തിക്കുമ്പോഴാണ് അവധിക്ക് നാട്ടിലേയ്ക്ക് വരുംവഴി പ്രളയത്തിൽ അകപ്പെട്ടവരെ ചെങ്ങന്നൂർ അടക്കമുള്ള സ്ഥലങ്ങളിലെത്തി രക്ഷപ്പെടുത്തിയത്.
ആദ്യം രക്ഷപ്പെടുത്തിയ സംഘത്തിലെ വിദ്യാർത്ഥികളിൽ ആരോ ഫോട്ടോ ഫേസ് ബുക്കിലിട്ടപ്പോഴാണ് ഹേമന്ദിനെ തിരിച്ചറിഞ്ഞത്. ലഫ്റ്റനന്റ് കേണലായി പ്രമോഷൻ നേടിയതിന് ശേഷമാണ് പെട്ടിമുടി ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് ദിവസങ്ങളോളം ഹേമന്ദ് നേതൃത്വം നൽകിയത്. മഞ്ഞും മഴയും അവഗണിച്ചായിരുന്നു രക്ഷാപ്രവർത്തനം. സംയുക്ത സേന മേധാവി ജനറൽ ബിബിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കുനൂരിലെ ഹെലികോപ്ടർ അപടത്തിലും ഹേമന്ദ് രാജിനായിരുന്നു രക്ഷാപ്രവർത്തന ചുമതല. ബിബിൻ റാവത്തിനെ ആശുപത്രിയിലെത്തിച്ചതും ഹേമന്ദ് രാജായിരുന്നു. സേവനം മാനിച്ച് വില്ലിംഗ്ടണിൽ നടന്ന ചടങ്ങിൽ ആർമി പ്രത്യേകം പുരസ്കാരവും നൽകി. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലും നേടിയിട്ടുണ്ട്. 2021ലെ റിപ്പബ്ളിക് പരേഡിൽ കമാൻഡിംഗ് ഓഫീസറായിരുന്നു.

പഠനം സൈനിക സ്കൂളിൽ

കഴക്കൂട്ടത്തെ സൈനിക സ്കൂളിൽ നിന്നാണ് ഹേമന്ദ് രാജ് സേനയുടെ ഭാഗമായത്. കാശ്മീരിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിലും രാഷ്ട്രപതി ഭവനിലും, നിയന്ത്രണ രേഖയിലും, പഞ്ചാബ് സൈനിക കേന്ദ്രത്തിലുമടക്കം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആദരിച്ച് ബി.ജെ.പി

ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ഹേമന്ദിന്റെ പിതാവ് റിട്ട.എക്‌സൈസ് ഓഫീസർ ടി.കെ.രാജപ്പൻ, അമ്മ സി.എസ്. ലതികാബായ് , ഭാര്യ ഡോ.തീർത്ഥ, മകൻ അയാൻ എന്നിവർക്കൊപ്പം സന്തോഷം പങ്കിട്ടു. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് തെക്കേമഠം, സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ജില്ലാ ട്രഷറർ ഡോ.ശ്രീജിത്ത് കൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.