കായിക വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു.
മുണ്ടക്കയം: ഇനി അടിമുടി മാറും...! ഏറെ ശോചനീയാവസ്ഥയിലായിരുന്ന മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരിക്കാൻ നടപടിയാകുന്നു. സംസ്ഥാന കായിക വകുപ്പ് നവീകരണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചതോടെയാണ് സ്റ്റേഡിയത്തിന്റെ ശനിദശ മാറുന്നത്.കളിക്കളം പദ്ധതി ഉൾപ്പെടുത്തിയാണ് നവീകരണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌പോർട്‌സ് കൗൺസിൽ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കായിക വകുപ്പ് ഉദ്യോഗസ്ഥർ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി അനിൽകുമാർ, വാർഡ് അംഗങ്ങൾ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
സൗകര്യങ്ങൾ ഉറപ്പ്
പുത്തൻചന്ത മൈതാനത്ത് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് അധികാരികൾ, ജനപ്രതിനിധികൾ എന്നിവരുമായി ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി. മൈതാനത്ത് ഫുട്‌ബോൾ,ക്രിക്കറ്റ്, അത് ലറ്റിക്സ് ഉൾപ്പെടെ എല്ലാ കായിക വിനോദങ്ങൾക്കും സൗകര്യമൊരുക്കും.