കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിന് എതിർവശത്തെ ഓട്ടോ സ്റ്റാൻഡിന് സമീപം രാത്രികാലങ്ങളിൽ ഓടയിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. നഗരസഭയുടെ 13 വാർഡിലാണ് ഓട സ്ഥിതി ചെയ്യുന്നത്. മുൻപും കക്കൂസ് മാലിന്യം ഓടയിൽ തള്ളിയിരുന്നു. പരാതി ഉയർന്നപ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. എന്നാൽ, വീണ്ടും ഓടയിൽ കക്കൂസ് മാലിന്യം തള്ളുകയാണ്. ഓട എത്തിച്ചേരുന്നത് മീനച്ചിലാറിലാണ്. ഇത് രോഗസാധ്യത വർദ്ധിപ്പിക്കുന്നു. നഗരസഭ ശുചീകരണ വിഭാഗത്തിലെ തൊഴിലാളികൾ ഇടയ്ക്ക് ഓട വൃത്തിയാക്കിയാലും സ്ഥിതി പഴയപടി തന്നെയാകുമെന്ന് സമീപത്തെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.


ഓട നിറഞ്ഞ്...

നഗരത്തിലെ മറ്റ് ഓടകളിലെ മാലിന്യങ്ങളും ഇവിടേക്കാണ് പതിക്കുന്നത്. നെഹ്‌റു പാർക്കിന് സമീപത്തായുള്ള ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കക്കൂസ് മാലിന്യം മാത്രമല്ല, മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഓടയിൽ നിറഞ്ഞ നിലയിലാണ്.