tower

കോട്ടയം : കുമരകം പക്ഷി സങ്കേതത്തിലെ വാച്ച് ടവറിൽ കയറി ദേശാടന പക്ഷികളെ അടുത്ത് കാണണമെന്നാഗ്രഹിക്കുന്ന പക്ഷി സ്നേഹികൾ ദയവ് ചെയ്ത് ആ സാഹസത്തിന് മുതിരരുത്. തുരുമ്പെടുത്ത് ജീർണാവസ്ഥയിലായ ടവർ ഏത് നിമിഷവും നിലംപതിക്കാം. കെ.ടി.ഡി.സി ഹോട്ടൽ വളപ്പിൽ നാലു കിലോമീറ്ററോളം നടപ്പാതയുള്ള പക്ഷി സങ്കേതത്തിൽ രണ്ട് ടവറാണുള്ളത്. സാമൂഹ്യവിരുദ്ധ പ്രവർത്തനത്തെ തുടർന്ന് ഒരെണ്ണം നേരത്തെ പൂട്ടി. ഇതിനുള്ളിലും നിറയെ മദ്യ കുപ്പികളാണ്. സന്ദർശകർക്കായി രണ്ടാമത്തെ ടവർ തുറന്നിട്ടിരിക്കുകകയാണെങ്കിലും ചവിട്ടി കയറാനുള്ള ഇരുമ്പു പടികളും പിടിക്കാനുള്ള തൂണുമെല്ലാം തുരുമ്പിച്ചു. ഇരുപതടിയിലേറെ ഉയരത്തിലാണ് ടവർ നിർമ്മിച്ചിരിക്കുന്നത്.

വനം വകുപ്പിന്റെ ഉടമസ്ഥതയിലാണെങ്കിലും മേൽനോട്ട ചുമതല കെ.ടി.ഡി.സിയ്ക്കാണ്. 50 രൂപയാണ് പക്ഷി സങ്കേതത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്. വിദേശികളാണെങ്കിൽ മൂന്നിരട്ടി നൽകണം. ടവറിൽ കയറാൻ പേടിക്കേണ്ടതിനാൽ നടപ്പാതയിലൂടെ മണിക്കൂറുകളോളം നടന്നു അവശരാകുന്നതോടെ സഞ്ചാരികൾ മടങ്ങും. ബഗി കാർ സൗകര്യമേർപ്പെടുത്തുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.

ദേശാടന പക്ഷികളുടെ കേന്ദ്രം

ചേരക്കോഴികൾ അടക്കം വിവിധ ഇനത്തിലുള്ള ദേശാടന പക്ഷികളുടെ കേന്ദ്രമാണ് കുമരകം പക്ഷി സങ്കേതം. കുമരകത്തെ നെൽ വയലുകളും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളുമെല്ലാം പക്ഷികൾ കൂടുതലെത്താൻ കാരണമാകുന്നു. എന്നാൽ പക്ഷികളെ അടുത്ത് കാണാൻ സൗകര്യമില്ല. നിലവിലെ ടവറുകൾ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി പക്ഷികളെ അടുത്തു കാണാൻ ദൂരദർശിനി അടക്കം സംവിധാനമേർപ്പെടുത്തണമെന്നാണ് പക്ഷി സ്നേഹികളുടെ ആവശ്യം.

കുമരകം പക്ഷി സങ്കേതം തട്ടേക്കാട് പോലെ വികസിപ്പിക്കാവുന്നതാണെങ്കിലും വനം വകുപ്പോ കെ.ടി.ഡി.സി.യോ താത്പര്യം കാണിക്കുന്നില്ല. സഞ്ചാരികൾക്ക് പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യം പോലുമില്ല.

നകുലൻ, പരിസ്ഥിതി പ്രവർത്തകൻ