iliikal

കോട്ടയം : കാഴ്ചകൾ കൊണ്ട് സമ്പന്നമായ മലയോരത്ത് ട്രക്കിംഗിന് പറ്റിയ ഒട്ടേറെ കുന്നുകളുണ്ട്. പലസ്ഥലങ്ങളും അറിഞ്ഞുവരുന്നതേയുള്ളൂ. യാത്ര പൊക്കോ, പക്ഷെ, സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും അരുതെന്ന് ടൂറിസം അധികൃതർ പറയുന്നു. ജില്ലയിൽ ഇല്ലിക്കൽ കല്ല്, മുതുകോരമല, തങ്ങൾപാറ ഇങ്ങനെ യുവത്വത്തിന്റെ മനസ് കീഴടക്കിയ ഇടങ്ങളേറെയാണ്. മുൻപ് ഊട്ടിയും കൊടൈക്കനാലും കൊണ്ട് യാത്ര തീർന്നെങ്കിൽ ഇന്ന് മുക്കിലും മൂലയിലും ന്യൂജെൻ പിള്ളേരുണ്ട് ഫോട്ടോയും വീഡിയോയുമെടുക്കാനുള്ള ആവേശത്തിനിടെ അപകടത്തിലേയ്ക്ക് കൂപ്പു കുത്തുന്നത് ശ്രദ്ധിക്കുന്നുമില്ല.

ഇല്ലിക്കൽക്കല്ല്
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരമുള്ള ഇല്ലിക്കൽകല്ലാണ് ജില്ലയിൽ സാഹസിക യാത്ര ഹരമാക്കിയവരെ കാത്തിരിക്കുന്ന പ്രധാന കേന്ദ്രം. മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നുള്ള ഇവിടെയെത്തമ്പോഴുള്ള കാറ്റും മഞ്ഞും താഴ്‌വാരങ്ങളിലെ മനോഹര കാഴ്ചയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ശ്രദ്ധയൊന്നു തെറ്റിയാൽ മരണത്തിലേയ്ക്ക് വീഴുകയും ചെയ്യും.

 മുതുകോരമല
തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയിൽ നിന്ന് ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാൽ മുതകോരമലയായി. മീശപ്പുലിമലയെ വെല്ലുന്ന കാഴ്ചകളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രദേശത്തിന്റെ ചിത്രങ്ങൾക്ക് പ്രചാരം ലഭിച്ചതോടെ സഞ്ചാരപ്രിയർ ഇവിടേക്കെത്തുന്നുണ്ട്. വാഗമൺ മലനിരകൾക്ക് സമാന്തരമായി ഉയർന്നു നിൽക്കുന്ന മലമ്പ്രദേശമാണ് മുതകോരമല. കൈപ്പള്ളിയിൽ നിന്ന് 3 കിലോമീറ്റർ ഒഫ് റോഡ് യാത്രയാണ്. തുടർന്ന് കാഴ്ചകൾ കണ്ടു നടക്കണം. ഒരാൾ പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന പോതപ്പുല്ലുകൾ വകഞ്ഞുമാറ്റി മുകളിലെത്തിയാൽ പ്രകൃതി ഒരുക്കിയ മനോഹര കാഴ്ച ആസ്വദിക്കാം. 4 ദിക്കുകളും കാണാവുന്ന പാറക്കെട്ടിനു മുകളിൽ നിന്നാൽ 4 ജില്ലകളിലേക്കും കണ്ണെത്തും. ശക്തിയേറിയ കാറ്റു വീശമ്പോൾ അപകട സാദ്ധ്യതയുമുണ്ട്. വാഗമണ്ണിന് സമീപമുള്ള തങ്ങൾ പാറയോടെ ചേർന്നുള്ള ട്രക്കിംഗും പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നു.

ശ്രദ്ധിക്കാൻ

 മലയുടെ സ്വഭാവം മനസിലാക്കണം. ആദ്യം ഒരു സംഘത്തെ ഒപ്പം കൊണ്ടു പോകണം

 സംഘത്തിലുള്ള എല്ലാവരും ഒരേ പാതയിലൂടെ കടന്നു പോകുന്നത് വഴിതെറ്റൽ ഒഴിവാക്കാം

 മലയിലെ ഓക്‌സിജന്റെ ആളവ് സംബന്ധിച്ച് ഒരു വ്യക്തതയുണ്ടാകണം

 മല കയറുമ്പോഴും ഇറങ്ങുമ്പോഴുമുണ്ടാകുന്ന ഓക്‌സിജൻ അളവിലെ വ്യത്യാസം ശ്രദ്ധിക്കണം

 ഹെൽമറ്റും, ജാക്കറ്റും പറ്റുമെങ്കിൽ ഓക്‌സിജൻ കിറ്റും വരെ കരുതിയിരിക്കണം

 ലഘുഭക്ഷണവും വെള്ളവും പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകളും