പാലാ: ഓൾ ഇന്ത്യാ ചെസ്സ് ഫെഡറേഷൻ അഖിലേന്ത്യാതലത്തിൽ നടത്തിയ ആർബിറ്റർ പരീക്ഷയിൽ ജിനുമോൾക്ക് ഉന്നത വിജയം. പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടുന്നവർക്ക് മാത്രം ലോക ചെസ്സ് ഫെഡറേഷൻ നൽകുന്ന 'സീനിയർ നാഷണൽ ആർബിറ്റർ' ടൈറ്റിലിന് ഇതോടെ ജിനു അർഹയായി. കോട്ടയം ജില്ലയിൽ നിന്നും ആദ്യമായിട്ടാണ് ഒരു വനിത ഈ നേട്ടം കരസ്ഥമാക്കുന്നത്. ഒരു ദിവസം ആറ് മണിക്കൂർ വീതം അഞ്ച് ദിവസത്തെ ക്ലാസിന് ശേഷമായിരുന്നു പരീക്ഷ. മേലുകാവുമറ്റം സെന്റ് തോമസ് യു.പി.സ്‌കൂളിലെ അദ്ധ്യാപികയായ ജിനുമോൾ, മേലുകാവുമറ്റം കണ്ണൻകുളത്ത് ജിസ്‌മോന്റെ ഭാര്യയാണ്. കേരളത്തിൽ നിന്നും ലോക ചെസ് ഫെഡറേഷന്റെ ആർബിറ്റർ ടൈറ്റിൽ നേടിയ ആദ്യ വ്യക്തിയായ ജിസ്‌മോൻ, ഇപ്പോൾ ചെസ് അസോസിയേഷൻ കേരളയുടെ ആർബിറ്റർ കമ്മീഷൻ ചെയർമാനാണ്. ഏകപുത്രൻ ഒലീവിയോ ജിസ്‌മോനും ചെസിന്റെ പാതയിലാണ്.