പാലാ: വെള്ളിലാപ്പള്ളി ശ്രീകാർത്ത്യായനി ദേവി ക്ഷേത്രത്തിൽ കാർത്തിക സന്ധ്യയിൽ ദീപാരാധന കഴിഞ്ഞയുടൻ ശ്രീകോവിലിന് കാവലായി ഉഗ്രനൊരു എട്ടടിവീരൻ! പത്തിവിടർത്തി ചീറ്റി ബലിക്കൽപുരയെ രണ്ടുതവണ വലംവച്ച് കിടന്ന മൂർഖൻ തൊട്ടടുത്തു വന്ന ഭക്തരെ ഉപദ്രവിക്കാതെ കടന്നുപോയി.
ഇന്നലെ വൈകിട്ട് 6.45ഓടെ മേൽശാന്തി മാടവന സുരേഷ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ദീപാരാധന കഴിഞ്ഞയുടൻ ക്ഷേത്രത്തിന് പുറത്തേക്കിറങ്ങിയ രണ്ട് കുട്ടികളാണ് പാമ്പിനെ കണ്ടത്. സംഭവമറിഞ്ഞ് രാമപുരം പിഷാരുകോവിൽ കാർത്ത്യായനിദേവി ക്ഷേത്രം ദേവസ്വം സെക്രട്ടറി ബിജു പറോട്ടിയിൽ ഉൾപ്പെടെ നിരവധി ഭക്തരെത്തി. അരമണിക്കൂറോളം ബലിക്കൽപുരയിലും പരിസരത്തുമായി പത്തിവിടർത്തി നിന്ന മൂർഖൻ പിന്നീട് സാവധാനം ഇഴഞ്ഞ് ക്ഷേത്രത്തോടു ചേർന്നുള്ള മാളത്തിലേക്ക് കയറിപ്പോയി.
ബലിക്കൽപുരയിൽ നിന്ന് ക്ഷേത്രത്തിനുള്ളിലേക്കുള്ള കവാടത്തിന് കുറുകെയാണ് ഏറെ നേരം പത്തിവിടർത്തി മൂർഖൻ നിന്നത്.