
കോട്ടയം: ഭക്ഷ്യ മേഖല കൂടുതൽ സുരക്ഷിതവും മികവുറ്റതുമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇതിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റ് കാന്റീൻ, പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജ് , അരുവിത്തുറ സെന്റ് ജോർജ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി, കാരിത്താസ് ആശുപത്രി എന്നിവിടങ്ങളിൽ 'ഈറ്റ് റൈറ്റ് ' കാമ്പസ് പ്ലാൻ നടപ്പാക്കും. ശരിയായ ഭക്ഷണം ലഭ്യമാക്കുക, കൃത്രിമ നിറങ്ങളും രുചിയും മണവും ലഭിക്കാൻ പകരുന്ന അജിനമൊട്ടോ പോലെയുള്ളവ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദേശ്യം.
എഫ്.എസ്.എസ്.എ.ഐയുടെ കീഴിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളിലെ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന തൊഴിലാളികൾക്കായി നടത്തുന്ന ട്രെയിനിംഗ് ജില്ലയിലെ മൂന്ന് സബ് ജില്ലകളിൽ പൂർത്തിയായി. മാർച്ച് 31നുള്ളിൽ എല്ലാ സബ് ജില്ലകളിലും ട്രെയിനിംഗ് പൂർത്തിയാക്കാനാണ് പദ്ധതി. അങ്ങനെയായാൽ സംസ്ഥാനത്ത് ട്രെയിനിംഗ് പൂർത്തിയാകുന്ന ആദ്യ ജില്ലയായി കോട്ടയം മാറും.
സ്‌കൂൾ കുട്ടികളിൽ ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാനും കൂടുതൽ ഗുണനിലവാരത്തിലുള്ള ഭക്ഷണം ലഭ്യമാക്കാനും ട്രെയിനിംഗ് ഉപകാരപ്പെടും.
മറ്റ് പദ്ധതികൾ
കോട്ടയത്തെ കോടിമത മാർക്കറ്റ് ക്ലീൻ വെജ് ഫ്രൂട്ട്‌സ് മാർക്കറ്റാക്കും
ഭക്ഷണശാലകൾക്ക് നിലവാരം പരിശോധിച്ച് സ്റ്റാർ റേറ്റിംഗ് നൽകും
സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധം
''ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. 'ഈറ്റ് റൈറ്റ് ' പോലെയുള്ള പദ്ധതികൾ നിർബന്ധമായും വിജയകരമായും പൂർത്തിയാക്കും''
- അലക്‌സ് കെ. ഐസക്,
അസി.കമ്മിഷണർ ഭക്ഷ്യ സുരക്ഷാ വകുപ്പ്.