മുണ്ടക്കയം: മുണ്ടക്കയം-ഭരണിക്കാവ് 183 എ നാഷണൽ ഹൈവേയുടെ അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് മുണ്ടക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള അലൈൻമെന്റ് ജനവാസ കേന്ദ്രങ്ങളായ കണ്ണിമല, പുലിക്കുന്ന്, അമരാവതി, കരിനിലം തുടങ്ങിയ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി വീടുകളും വ്യാപാരസ്ഥാപനങ്ങളുമായി 300ലധികം കുടുംബങ്ങൾക്ക് തങ്ങളുടെ ഉപജീവന മാർഗവും കിടപ്പാടവും നഷ്ടപ്പെടും. മഠംപടിയിൽ നിന്നാരംഭിച്ച് വരിക്കാനി കവലയിൽ അവസാനിക്കുന്ന തോട്ടം മേഖലയിൽ കൂടിയുള്ള പുതിയ അലൈൻമെന്റിന് അംഗീകാരം നേടണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ആന്റോ ആന്റണി എംപി, ജനപ്രതിനിധികൾ, നാഷണൽ ഹൈവേ അഥോറിറ്റി എന്നിവർക്ക് നിവേദനം നൽകി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൻ അധ്യക്ഷത വഹിച്ചു. കെ.എസ്. രാജു, ബി. ജയചന്ദ്രൻ, ബെന്നി ചേറ്റുകുഴി, ബോബി കെ. മാത്യു, ജിനീഷ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.