poor

കോട്ടയം: രാജ്യത്ത് ദാരിദ്ര്യമില്ലാത്ത ഏകജില്ലയെന്ന് നീതി ആയോഗ് കണ്ടെത്തിയ കോട്ടയത്ത് അതിദരിദ്രർ ആയിരത്തിലേറെ! സംസ്ഥാനത്ത് ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല കോട്ടയമാണെന്നത് ആശ്വാസമേകുന്നു.

അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്ത് ദാരിദ്ര്യം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ടാണ് അതിദാരിദ്ര്യ സർവേ നടത്തിയത്. നിലവിൽ ബി.പി.എൽ കുടുംബങ്ങളുടെ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ നാല് അടിസ്ഥാന ഘടകങ്ങൾ പരിഗണിച്ച് ജില്ലയിലെ 71 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി മുഴുവൻ വാർഡുകളിലായി വിവിധ ഘട്ടങ്ങളിലായി നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷമാണ് ദരിദ്രരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അതി ദരിദ്രരായി കണ്ടെത്തിയവർക്കായി തദ്ദേശ സ്ഥാപനങ്ങൾ 14–ാം പഞ്ചവത്സര പദ്ധതിയിൽ സൂക്ഷ്മതല പദ്ധതികൾ രൂപീകരിക്കും. കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതൽ കുടുംബങ്ങൾ. കുറവ് തലയോലപ്പറമ്പിലും.

അതിദരിദ്രരെന്നാൽ

ഒരു വരുമാനവുമില്ലാത്തവർ, വീടില്ലാത്തവർ, രണ്ടുനേരംപോലും ഭക്ഷണം കിട്ടാത്തവർ, സൗജന്യറേഷൻ പോലെ ഭക്ഷണം കിട്ടിയാലും പാകംചെയ്ത് കഴിക്കാൻ സൗകര്യമില്ലാത്തവർ, കിടപ്പുരോഗികളും, രോഗംകൊണ്ട് കടംകയറിയവർ.

 കുറവ് കോട്ടയത്ത്

അതിദരിദ്രർ ഏറ്റവും കുറവ് കോട്ടയത്താണ് കൂടുതൽ മലപ്പുറത്തും. എന്നാൽ ടാർ പോളിൻ വലിച്ചുകെട്ടിയ നിരവധി വീടുകളാണ് സർവേയിൽ കണ്ടെത്തിയത്. ഒരു വശത്ത് ലൈഫ് പദ്ധതിയടക്കം കാര്യക്ഷമമായി നടക്കുന്നെന്ന് പറയുമ്പോഴാണ് അർഹരായ നിരവധിപ്പേർ ആനുകൂല്യം ലഭിക്കാതെ കഴിയുന്നത്.

 ജില്ലയിൽ 1073 അതിദരിദ്ര കുടുംബം

'' സർവേ പൂർത്തിയാക്കാൻ കഴിഞ്ഞത് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും സഹകരണം കൊണ്ടാണ്. കണ്ടെത്തിയ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് അടുത്ത ലക്ഷ്യം''

-പി.എസ്.ഷിനോ, പ്രോജക്ട് ഡയറക്ടർ