vegetable

കോട്ടയം: കുതിച്ചുയർന്ന പച്ചക്കറി വിലയുടെ ഗ്രാഫ് താഴുന്നു. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീടുകളിൽ സാമ്പാറും അവിയലും തിരിച്ചെത്തി. തമിഴ്‌നാട്ടിൽ പച്ചക്കറി വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്. നാടൻ പച്ചക്കറികളും മാർക്കറ്റിലേക്കു വന്നു തുടങ്ങിയതും വിപണിയ്ക്ക് ആശ്വാസമായി.

വില കൂടിയപ്പോൾ അന്യം നിന്നു പോയ കിറ്റുകളും തിരിച്ചെത്തി. 100 രൂപയ്ക്ക് നൽകിയിരുന്ന കിറ്റുകൾ വില വർദ്ധന മൂലം ഭൂരിഭാഗം കടകളിലും നിറുത്തിവച്ചിരുന്നു.

നൂറും കടന്നു മുന്നേറിയ തക്കാളി മൊത്തവില 30 രൂപയിലെത്തി. പാവയ്ക്കയുടെ വില ഒരു ഘട്ടത്തിൽ സെഞ്ചുറിക്ക് അടുത്തെത്തിയിരുന്നു. പടവലം വെള്ളരി, പയർ എന്നിവയുടെ വിലയും താഴ്ന്നു. എന്നാൽ, കാരറ്റ് വിലയിൽ കാര്യമായ മാറ്റമില്ല.. കാരറ്റിന് മൊത്ത വില 85, ചില്ലറ വില 90 രൂപയുമാണ്. തമിഴ്‌നാട്ടിൽ നിന്ന് എല്ലാ ഇനം പച്ചക്കറികളും സുലഭമായി വന്നു തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. ഇരുനൂറു രൂപയ്ക്കു മുകളിലുള്ള മുരിങ്ങക്കായാണ് ഇപ്പോൾ വിലയിൽ മുന്നിൻ. ഒരു മാസം മുമ്പ് മുരിങ്ങക്കായ വില 400 രൂപ കടന്നിരുന്നു. നാടൻ മുരിങ്ങിക്കായ വന്നു തുടങ്ങുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മാങ്ങായുടെ മൊത്തവില 110, ചില്ലറ വില 140 രൂപയും. പയർ, പാവയ്ക്ക, കോവയ്ക്ക, വെള്ളരി, പടവലങ്ങ എന്നിവ പ്രാദേശിക വിപണികളിൽ നിന്നു വന്നു തുടങ്ങിയതും വില കുറയാൻ ഇടയാക്കി. വരും ദിവസങ്ങളിൽ നാടൻ പച്ചക്കറികളുടെ വരവു വർദ്ധിക്കുമെന്നു വ്യാപാരികൾ പറയുന്നു.

 പച്ചക്കറി മൊത്ത വില

കാരറ്റ് : 85, മുളക്: 80, വെണ്ടയ്ക്ക :36, ബീറ്റ് റൂട്ട്: 36, തക്കാളി: 30, ബീൻസ് : 36, കാബേജ്: 38, പയർ :44, കറിക്കായ :36, പാവയ്ക്ക : 44, കോവയ്ക്ക: 36, കത്രിക്ക :30, വെള്ളരി :16, വഴുതനങ്ങ: 36, പടവലം: 24, പച്ച തക്കാളി: 24, സവാള: 35, ഉള്ളി :48, കിഴങ്ങ് :32, മത്തൻ: 34, കൂർക്ക: 48, കോളിഫ്‌ളവർ: 45, ഉള്ളിപ്പൂവ് :55, വാഴച്ചുണ്ട് : 20, മുരിങ്ങക്ക: 210, മാങ്ങ: 110.