കോട്ടയം: കുടമാളൂർ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിൽ. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹങ്ങൾക്കു കുറുകെ നായ്ക്കൾ ചാടുന്നത് അപകട ഭീഷണി ഉയർത്തുകയാണ്.
പുളിഞ്ചുവടുകവലയിലാണ് തെരുവുനായ്കൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നത്. ഇവിടെ അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചിക്കടകളും, മത്സ്യവ്യാപാര സ്ഥാപനങ്ങളുമാണ് ഇവയെ ഇങ്ങോട്ട് ആകർഷിക്കുന്നത്. പഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്നവയാണ് ഈ കടകൾ.
മാംസം പരസ്യമായി തൂക്കിയിട്ട് പ്രദർശിപ്പിച്ചു കൊണ്ടാണ് ഇറച്ചിക്കടയിൽ വില്പന നടത്തുന്നത്. പഞ്ചായത്ത് , മൃഗസംരക്ഷണ വകുപ്പ് ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. മത്സ്യ മാംസ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പുറം തള്ളുന്ന മാലിന്യം ഭക്ഷിക്കുന്നതിനാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇവിടേക്ക് എത്തുന്നത്.
@ഭീതിയോടെ യാത്ര
കുടമാളൂർ പള്ളിയിലേയ്ക്കും, മറ്റ് ആരാധനാലയങ്ങളിലേയ്ക്കും, സ്‌കൂളുകളിലേയ്ക്കും, ബസ് സ്റ്റോപ്പിലേയ്ക്കും മറ്റുംപോകുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തെരുവുനായ്ക്കളുടെ ശല്യം മൂലം ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. തെരുവ് നായ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.